കണ്ണുതള്ളുന്ന ഓഫർ കൊടുത്തിട്ടും മെസി ആ ക്ലബ്ബിലേക്ക് പോയില്ല; റിപ്പോർട്ട്
Football
കണ്ണുതള്ളുന്ന ഓഫർ കൊടുത്തിട്ടും മെസി ആ ക്ലബ്ബിലേക്ക് പോയില്ല; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th August 2024, 9:32 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി യൂറോപ്പിലെ നീണ്ട കരിയറിന് വിരാമമിട്ടുകൊണ്ട് മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് 2023ല്‍ ചേക്കേറിയിരുന്നു. ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് താരം അമേരിക്കയിലേക്ക് കൂടുമാറിയത്.

ഇപ്പോഴിതാ ഈ ട്രാന്‍സ്ഫര്‍ നടക്കുന്നതിനു മുന്നോടിയായി സൗദി വമ്പന്‍മാരായ അല്‍ ഹിലാലില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ മെസിക്ക് ലഭിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അല്‍ ഹിലാല്‍ മെസിക്ക് 900 മില്യണ്‍ മുതല്‍ ഒരു ബില്യണ്‍ യൂറോ വരെ ഓഫര്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ മെസി ഇത് നിരസിക്കുകയുമായിരുന്നു എന്നാണ് പറയുന്നത്.

നിലവില്‍ മെസി പരിക്കിന്റെ പിടിയിലാണ്. പരിക്കിന് പിന്നാലെ മയമിക്കൊപ്പമുള്ള മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടാനും മെസിക്ക് സാധിച്ചില്ല.

മേജര്‍ ലീഗിലെ അവസാന മത്സരത്തില്‍ സിന്‍സിനാറ്റിക്കെതിരെ മയാമി 2-0ത്തിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയിരുന്നത്. ഈ മത്സരത്തില്‍ മയാമിക്കായി ഇരട്ടഗോള്‍ നേടിയാണ് സുവാരസ് തിളങ്ങിയത്.

നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 26 മത്സരങ്ങളില്‍ നിന്നും 17 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമടക്കം 56 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മയാമി. സെപ്റ്റംബര്‍ ഒന്നിനാണ് മയാമി തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. സോള്‍ജിയര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചിക്കാഗോയെയാണ് മയാമി നേരിടുക.

അതേസമയം അടുത്തിടെ അവസാനിച്ച സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ അല്‍ നസറിനെ പരാജയപ്പെടുത്തി അല്‍ ഹിലാല്‍ കിരീടം സ്വന്തമാക്കിയിരുന്നു. അല്‍ നസറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് അല്‍ നസര്‍ കിരീടം ചൂടിയത്.

സൗദി പ്രോ ലീഗിലെ ആദ്യ മത്സരത്തില്‍ അല്‍ ഹിലാല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. അല്‍ അഖ്ദൂദിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ ലീഗിന് തുടക്കം കുറിച്ചത്.

 

Content Highlight: Report Says Al Hilal Set a Big Offer For Lionel Messi