| Tuesday, 30th January 2024, 8:28 am

തോൽവി ശീലമാക്കി മെസിയും കൂട്ടരും; സൗദി വമ്പന്മാരും വന്നു കൊട്ടിവിട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

2024ലെ മൂന്നാം സൗഹൃദ മത്സരത്തിലും ജയമില്ലാതെ ഇന്റര്‍ മയാമി. സൗദി വമ്പന്‍മാരായ അല്‍ ഹിലാല്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തിയത്.

അമേരിക്കന്‍ ക്ലബ്ബിനൊപ്പം സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ലൂയി സുവാരസ്, സെര്‍ജിയോ ബുസ്‌ക്വറ്റ്സ് എന്നിവര്‍ ഇറങ്ങിയിട്ടും ഇന്റര്‍മയാമി പരാജയപ്പെടുകയായിരുന്നു.

കിങ്ഡം അറീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് അല്‍ ഹിലാല്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 5-3-2 എന്ന ശൈലിയും ആയിരുന്നു ഇന്റര്‍ മയാമി പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി പത്താം മിനിട്ടില്‍ തന്നെ അലക്‌സാണ്ടര്‍ മിട്രോവിച്ചിലൂടെ അല്‍ ഹിലാല്‍ ലീഡ് നേടി. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം അബ്ദുള്ള അല്‍ ഹംദാന്‍ സൗദി വമ്പന്‍മാരുടെ ഗോള്‍നേട്ടം രണ്ടാക്കി ഉയര്‍ത്തി.

എന്നാല്‍ 34ാം മിനിട്ടില്‍ സൂപ്പര്‍താരം ലൂയി സുവാരസിലൂടെ ഇന്റര്‍ മയാമി മറുപടി ഗോള്‍ നേടി. ഇന്റര്‍ മയാമിക്കായി സുവാരസ് നേടുന്ന ആദ്യ ഗോള്‍ ആയിരുന്നു ഇത്. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 44ാം മിനിട്ടില്‍ മൈക്കലിലൂടെ അല്‍ ഹിലാല്‍ മൂന്നാം ഗോള്‍ നേടി. ആദ്യ പകുതി പിന്നിട്ടപ്പോള്‍ 3-1ന് സൗദി വമ്പന്മാര്‍ മുന്നിട്ടുനിന്നു.

മത്സരത്തിന്റെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 54ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് സൂപ്പര്‍ താരം ലയണല്‍ മെസി മയാമിയുടെ രണ്ടാം ഗോള്‍ നേടി. തൊട്ടടുത്ത നിമിഷം ഡേവിഡ് റൂയിസിലൂടെ ഇന്റര്‍ മയാമി മൂന്നാം ഗോളും നേടിയതോടെ മത്സരം സമനിലയില്‍ ആവുകയായിരുന്നു.

തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ആയി ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ 88ാം മിനിട്ടില്‍ മാല്‍ക്കോമിലൂടെ അല്‍ ഹിലാല്‍ വിജയഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ മുഴങ്ങിയപ്പോള്‍ 4-3ന്റെ തകര്‍പ്പന്‍ വിജയം അല്‍ ഹിലാല്‍ സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ 64 ശതമാനവും ബോള്‍ പൊസഷന്‍ അല്‍ ഹിലാലിനൊപ്പമായിരുന്നു. 17 ഷോട്ടുകളാണ് ഇന്റര്‍ മയാമിയുടെ പോസ്റ്റിലേക്ക് അല്‍ ഹിലാല്‍ അടിച്ചു കയറ്റിയത്.

സൗഹൃദ മത്സരത്തില്‍ ഫെബ്രുവരി ഒന്നിന് സൗദി വമ്പന്‍മാരായ അല്‍ നസറിനെതിരെയാണ് മെസിയുടെയും കൂട്ടരുടെയും അടുത്ത മത്സരം. അതേസമയം ഫെബ്രുവരി എട്ടിന് അല്‍ ഹിലാലും അല്‍ നസറിനെ നേരിടും.

Content Highlight: Al Hilal beat Inter Miami ion club friendly.

We use cookies to give you the best possible experience. Learn more