ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ പി.എസ്.ജിയുമായി പിരിഞ്ഞ് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. പി.എസ്.ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ നിലനില്‍ക്കെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് നെയ്മര്‍ അറേബ്യന്‍ മണ്ണിലേക്ക് ചേക്കേറുന്നത്.
താരത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ലിവര്‍പൂള്‍ ഇതിഹാസവും അല്‍ ഇത്തിഫാഖ് എഫ്.സിയുടെ പരിശീലകനുമായ സ്റ്റീവന്‍ ജെറാര്‍ഡ്. യൂറോപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് നെയ്മറെന്നും എന്നാല്‍ അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ലെന്നുമാണ് ജെറാര്‍ഡ് പറഞ്ഞത്. സി.ബി.എസ് സ്‌പോര്‍ട്‌സിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘നെയ്മറുടെ പേര് തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്. ബാഴ്‌സലോണയിലും പി.എസ്.ജിയിലും ബ്രസീല്‍ ദേശീയ ടീമിലും അവന്‍ കാഴ്ചവെച്ച പ്രകടനങ്ങള്‍ എല്ലാവരെയും ആനന്ദിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഫുട്‌ബോളിന് നല്‍കിയ സംഭാവനകള്‍ക്ക് അര്‍ഹിക്കപ്പെട്ട അംഗീകാരം തിരിച്ച് ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
നെയ്മര്‍ സൗദി ലീഗിലേക്ക് വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, അവന്‍ എന്റെ ടീമിലേക്കല്ല വരുന്നത്. തീര്‍ച്ചയായും, നെയ്മര്‍ ഈ ലീഗിന് കൂടുതല്‍ മൂല്യവും നിലവാരവും വിശ്വാസ്യതയും കൊണ്ടുവരും,’ ജെറാര്‍ഡ് പറഞ്ഞു.
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് അല്‍ ഹിലാല്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യാത്രകള്‍ക്കായി സ്വകാര്യ വിമാനവും താമസിക്കാന്‍ കൊട്ടാരം പോലുള്ള വീടും പരിചാരകരെയും അല്‍ ഹിലാല്‍ നെയ്മര്‍ക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്.
ഇവക്ക് പുറമെ അല്‍ ഹിലാലിന്റെ ഓരോ ജയത്തിനും 80,000 യൂറോ ബോണസ് നല്‍കും. സൗദി അറേബ്യയെ പ്രൊമോട്ട് ചെയ്യുന്ന ഓരോ പോസ്റ്റിനും അഞ്ച് ലക്ഷം യൂറോയും നെയ്മര്‍ക്ക് ലഭിക്കും. താരം ആവശ്യപ്പെടുന്നതെല്ലാം നല്‍കാന്‍ അല്‍ ഹിലാല്‍ തയ്യാറാണെന്നും ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു ഓഫര്‍ ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ താരമാണ് നെയ്മറെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
വാര്‍ഷിക പ്രതിഫലത്തിനും സീസണ്‍ ബോണസിനും പുറമെയാണ് നെയ്മര്‍ക്കായി അല്‍ ഹിലാല്‍ ഓഫറുകള്‍ വെച്ചുനീട്ടിയിരിക്കുന്നത്. ഇതോടൊപ്പം കാമുകി ബ്രൂണാ ബിയാന്‍കാഡിക്കൊപ്പം താമസിക്കുവാനും അനുമതി ലഭിക്കും. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഇളവ് ലഭിച്ചിരുന്നു. സൗദിയില്‍ വിവാഹിതരല്ലാത്തവര്‍ ഒരുമിച്ച് താമസിക്കാന്‍ പാടില്ലെന്നാണ് നിയമം.
അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെക്കുക. നെയ്മറിന്റെ ട്രാന്‍സ്ഫറിലൂടെ ഏകദേശം നൂറ് മില്യണിനടുത്താണ് പി.എസ്.ജിക്ക് ലഭിക്കുക. ഈ സമ്മറില്‍ കാലിദൗ കൗലിബാലി, റൂബന്‍ നീവ്സ് അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച അല്‍ ഹിലാല്‍ നെയ്മറിനെയും തട്ടകത്തിലെത്തിച്ച് സ്‌ക്വാഡ് സ്ട്രെങ്ത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.
Content Highlights: Al Ettifaq coach about Neymar’s transfer