ഗസ: മിഡിൽ ഈസ്റ്റിന്റെ രൂപവും ഭാവിയും മാറ്റുവാനുള്ള യു.എസിന്റെ പദ്ധതി ഒക്ടോബർ ഏഴിന് ഇസ്രഈലിനെതിരെ ഹമാസ് നടത്തിയ അൽ അഖ്സ സ്റ്റോം ഓപ്പറേഷനിലൂടെ തകർന്നുവെന്ന് ഹമാസ്.
ഹമാസിന്റെ പൊളിറ്റ്ബ്യൂറോ അംഗവും ലെബനനിലെ പ്രതിനിധിയുമായ ഉസാമ ഹംദാൻ അൽ മയാദീൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രസ്താവന നടത്തിയത്.
‘അമേരിക്കൻ ഭരണകൂടം ഒരിക്കലും മധ്യസ്ഥരോ നിഷ്പക്ഷരോ അല്ലായിരുന്നു. അവർ എപ്പോഴും ഇസ്രഈലിന്റെ പങ്കാളികളായിരുന്നു. അൽ അഖ്സ സ്റ്റോം ഓപ്പറേഷന്റെ ഏറ്റവും പ്രധാന ഫലം എന്താണെന്ന് വെച്ചാൽ മിഡിൽ ഈസ്റ്റിന്റെ ഭാവി തങ്ങൾ ആഗ്രഹിക്കുന്ന വിധം മാറ്റിയെടുക്കാനുള്ള അമേരിക്കയുടെയും ഇസ്രഈലിന്റെയും പദ്ധതി അത് പൊളിച്ചുകളഞ്ഞു,’ ഹംദാൻ പറഞ്ഞു.
സയണിസ്റ്റ് ആശയങ്ങൾ നടപ്പിൽ വരുത്താനുള്ള നെതന്യാഹുവിന്റെ സ്വപ്നങ്ങളും ഹമാസ് തകർത്തുകളഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
ഗസയിലെ ആക്രമണങ്ങളിൽ നിന്ന് ഒന്നും നേടാനായില്ല എന്ന കാരണത്താലാണ് റഫ നഗരത്തെ ആക്രമിക്കാൻ ഇസ്രഈൽ മടിച്ചുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗസയിൽ വെടിനിർത്തലിനുള്ള യു.എൻ പ്രമേയം യു.എസ് മൂന്നാമതും വീറ്റോ ചെയ്ത സാഹചര്യത്തിലാണ് ഹംദാന്റെ പരാമർശം.
ഗസയിലെ ഇസ്രഈൽ ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ 29,300 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 70,000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Content Highlight: Al-Aqsa Storm stopped US plan in region, marked end of Netanyahu’s dream: Hamas official