ഫലസ്തീന് ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങി, ഫലസ്തീനികളല്ലേ കല്ലും കുപ്പികളും എറിഞ്ഞ് ഇസ്രാഈല്‍ സേനയെ പ്രകോപ്പിക്കുന്നത്, ഞങ്ങള്‍ ഫലസ്തീനൊപ്പമൊക്കെ തന്നെയാണ് പക്ഷെ അക്രമങ്ങളെ അംഗീകരിക്കുന്നില്ല, ഫലസ്തീന്‍ ഭരണകേന്ദ്രമായ ഹമാസ് തീവ്രവാദി ഗ്രൂപ്പാണ് – ഇതിനെല്ലാമിടയില്‍ ഫലസ്തീനും ഇസ്രാഈലിനുമൊപ്പമില്ല ഇരുവരും സംഘര്‍ഷം ഒഴിവാക്കണം എന്ന നിര്‍ദേശവും – കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ സേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്നു കേട്ട മൂഢവും അപകടകരവമായ വാദങ്ങളില്‍ ചിലതാണിത്.
എന്താണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ മസ്ജിദുല്‍ അഖ്‌സയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ? വെറുതെ പ്രകോപനം ഉണ്ടാക്കി താങ്ങാനാകാത്ത തിരിച്ചടികള്‍ വാങ്ങിക്കൂട്ടുകയാണോ ഫലസ്തീന്‍, ഒരു വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനയാണോ അഖ്‌സയെ സംഘര്‍ഷ ഭൂമിയാക്കിയത്, നാളുകളായി തുടരുന്ന ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശവും അഖ്‌സാ ആക്രമണങ്ങളും തമ്മിലുള്ള ബന്ധമെന്താണ്?
ഫലസ്തീനില്‍ ജൂതവംശജര്‍ നടത്തിയ അധിനിവേശത്തിന്റെയും വംശഹത്യയുടെയും അങ്ങനെ അവര്‍ സ്ഥാപിച്ചെടുത്ത ഇസ്രാഈല്‍ എന്ന രാജ്യത്തിന്റെയും വര്‍ഷങ്ങള്‍ നീണ്ട ചരിത്രത്തിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല, പക്ഷെ ഇപ്പോള്‍ അഖ്‌സയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇരു രാജ്യങ്ങളോ വംശങ്ങളോ തമ്മിലുള്ള സംഘര്‍ഷമല്ല, ഇസ്രാഈല്‍ നടത്തുന്ന ഏകപക്ഷീയമായ വംശീയാക്രമണം തന്നെയാണെന്നാണ് മനുഷ്യാവകാശ സംഘടനകളെല്ലാം ചൂണ്ടിക്കാണിക്കുന്നത്.
കല്ലുകളും കുപ്പികളും എടുത്തെറിയുന്ന ഫലസ്തീനികള്‍, അവരെ പ്രതിരോധിക്കുകയോ തിരിച്ചു വെടിയുതിര്‍ക്കുകയോ ചെയ്യുന്ന ഇസ്രാഈല്‍ സേന, റോക്കറ്റ് ആക്രമണങ്ങള്‍, പരിക്കേറ്റ കുട്ടികളും സ്ത്രീകളും, പ്രാര്‍ത്ഥിക്കാനായി നിരയായി നില്‍ക്കുന്ന നൂറ് കണക്കിന് പേര്‍ അല്‍ അഖ്‌സയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന മാധ്യമ വാര്‍ത്തകളില്‍ പ്രധാനമായും നിറഞ്ഞുനിന്നത് ഇപ്പറഞ്ഞ കാര്യങ്ങളുടെ ദൃശ്യങ്ങളാണ്. പക്ഷെ മാധ്യമങ്ങളില്‍ കടന്നുവരാത്ത ചില വസ്തുതകള്‍ കൂടിയുണ്ട്.
ഒരു വെള്ളിയാഴ്ച പെട്ടെന്ന് പൊട്ടിപുറപ്പെട്ട പ്രതിഷേധമോ അക്രമമോ അല്ല അഖ്‌സയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കന്‍ ജറുസലേമില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ഒരു മാസത്തോളമായി പ്രദേശത്ത് സംഘര്‍ഷം തുടരുന്നുണ്ട്.
കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറാ പ്രവിശ്യയിലാണ് ഇസ്രാഈല്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ഫലസ്തീനികളെ ഒഴിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നത്. കിഴക്കന്‍ ജറുസലേമിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നിന്ന് അറബ് വംശജരെയും മുസ് ലിങ്ങളെയും ഒഴിപ്പിച്ച് അവിടെ തീവ്ര വലതുപക്ഷ ജൂതരെ താമസിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
കേസുകള്‍ കൊടുത്ത് ഫലസ്തീനിയന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയാണ്. ഒറ്റയടിക്ക് അവിടെയുള്ള 28 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചാല്‍ വലിയ ലഹളയുണ്ടാകുമെന്നതിനാല്‍ ഓരോ കേസിലും നാലു മുതല്‍ ആറു കുടുംബങ്ങളെ വീതമാണു കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അങ്ങനെ പല ഘട്ടങ്ങളായി ഒഴിപ്പിച്ച് ഇപ്പോള്‍ ഈ 28 കുടുംബങ്ങളില്‍ 12 കുടുംബങ്ങളേ ബാക്കിയുള്ളൂ. ഇതില്‍ 6 കുടുംബങ്ങളെക്കൂടി ഒഴിപ്പിക്കാനുള്ള വിധി വരുന്ന ഞായറാഴ്ച വരാനിരിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജൂതരിലെ അതിതീവ്ര ചിന്താഗതി പുലര്‍ത്തുന്നവരെ ഇവിടങ്ങളില്‍ താമസിപ്പിച്ചുകൊണ്ട് പ്രകോപനവും സംഘര്‍ഷവും സൃഷ്ടിച്ച് ഫലസ്തീനികളെ പുറത്താക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ഒരു വീഡിയോയില്‍ ഫലസ്തീന്‍ കുടുംബം താമസിക്കുന്ന വീട്ടില്‍ ഇസ്രാഈല്‍ പൗരന്‍ താമസിക്കാന്‍ വരുന്നതും, ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഇവിടെ കയറി താമസിക്കും അതുകൊണ്ട് ഞാന്‍ തന്നെ വന്നിരിക്കുകയാണ് എന്നെല്ലാം പറയുന്നത് കാണാം. നിങ്ങള്‍ ഞങ്ങളുടെ വീട് കയ്യേറുകയാണ് മോഷ്ടിക്കുകയാണ് എന്നെല്ലാം വീടിന്റെ ഉടമസ്ഥയായ ഫലസ്തീന്‍ സ്ത്രീ പറയുന്നതും വീഡിയോയിലുണ്ടായിരുന്നു.
ഷെയ്ഖ് ജറായില്‍ നടക്കുന്ന ആസൂത്രിതമായ കുടിയൊഴിപ്പിക്കലും അധിനിവേശവും നിര്‍ത്തണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ബാങ്കിലും ഗാസയിലും നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി ഫലസ്തീനികളെയാണ് ഇസ്രാഈല്‍ അറസ്റ്റ് ചെയ്തത്. രണ്ടാം ലോകമഹായുദ്ധം മുതല്‍ ഇതുവരെയുള്ള ഇസ്രാഈലിന്റെയും ഫലസ്തീനിന്റെയും മാപ്പ് പരിശോധിച്ചാല്‍ തന്നെ യുദ്ധങ്ങളിലൂടെയും അല്ലാതെയും ഫലസ്തീന്റെ ഭാഗങ്ങള്‍ ഒന്നൊന്നായി ഇസ്രാഈല്‍ കയ്യടക്കിയതിന്റെ കൃത്യം ചിത്രം നമുക്ക് വ്യക്തമാകും.
ഈ അധിനിവേശത്തിന്റെയും പുറത്താക്കലിന്റെയും അപകടകരമായ തുടര്‍ച്ച തന്നെയാണ് ഷെയ്ഖ് ജറായില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഷെയ്ഖ് ജറായിലെ ഈ അധിനിവേശമാണ് ഇപ്പോള്‍ നടക്കുന്ന മസ്ജിദുല്‍ അഖ്‌സ ആക്രമണങ്ങളുടെ അടിസ്ഥാന കാരണം.
വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ ഒറ്റ ദിവസം മാത്രം നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.
ഇനി, എങ്ങനെയാണ് വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയില്‍ ഈ ആക്രമണങ്ങളുണ്ടായത്, എന്തായിരുന്നു അതിന് കാരണം, ഫലസ്തീനികള്‍ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്ന സ്ഥലത്തേക്ക് സൈന്യമെങ്ങനെയെത്തി എന്നീ വിഷയങ്ങള്‍ പരിശോധിക്കാം
മസ്ജിദുല്‍ അഖ്‌സയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം തീവ്ര ഇസ്രാഈല്‍ വിഭാഗത്തില്‍ പെട്ടവര്‍ പ്രകോപനപരമായി വലിയ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അറബ് ജനതയ്ക്ക് മരണം, ഫലസ്തീന്‍ ഇനി ഭൂമുഖത്ത് ഉണ്ടാകില്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇവര്‍ മസ്ജിദുല്‍ അഖ്‌സയിലെത്തിയവര്‍ക്ക് നേരെ സമരങ്ങള്‍ നടത്തിയത്. ഷെയ്ഖ് ജറായില്‍ നിന്നുള്ള കുടിയൊഴിപ്പിക്കലിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഈ മുദ്രാവാക്യം വിളികള്‍. ഇതിനെതിരെ പ്രതിഷേധവുമായി ഫലസ്തീനികള്‍ രംഗത്തുവന്നു.
തുടര്‍ന്ന് ഇവിടെയെത്തിയ ഇസ്രാഈല്‍ സേന പ്രകോപനമുണ്ടാക്കിയ ഇസ്രാഈല്‍ പൗരന്മാരെ സംരക്ഷിക്കുകയും ഫലസ്തീന്‍ ജനതയ്ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഇതോടെയാണ് സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്, അന്ന് മുതല്‍ നടന്ന സംഭവങ്ങളുടെ ചില സെലക്ടീവായ ചിത്രങ്ങളും വ്യാഖ്യാനങ്ങളും മാത്രമാണ് നമുക്ക് മുന്‍പില്‍ വരുന്നത്.
ശനിയാഴ്ച ലൈലത്തുല്‍ ഖദറിന്റെ ഭാഗമായി ഇവിടേക്ക് ആയിര കണക്കിന് ഫലസ്തീനികള്‍ വീണ്ടും എത്തിച്ചേര്‍ന്നു. പ്രാര്‍ത്ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി ഇവിടെ എത്തിയ ഇവര്‍ക്ക് നേരെയും സൈന്യം ആക്രമണം നടത്തി. ഞായറാഴ്ചയും ആക്രമണം തുടര്‍ന്നു. തിങ്കളാഴ്ച രംഗം കൂടുതല്‍ കലുഷിതമായി. ഇസ്രാഈലിന്റെ ജറുസലേം പതാക ദിനത്തിന്റെ ഭാഗമായി വര്‍ഷാവര്‍ഷം ഈ പ്രദേശത്തിലൂടെ നടത്തുന്ന റാലി ഈ വര്‍ഷവും നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതാണ് തിങ്കളാഴ്ച സംഘര്‍ഷം ശക്തമാകാന്‍ കാരണമായത്. ചിലര്‍ പ്രകടനം നടത്താനും ആരംഭിച്ചിരുന്നു.
1967ല്‍ കിഴക്കന്‍ ജറുസലേം പിടിച്ചടുക്കിയതിന് ശേഷമാണ് ഇസ്രാഈല്‍ ജറുസലേം പതാക ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഫലസ്തീനികളെ പുറത്താക്കിക്കൊണ്ട് ജറുസലേമില്‍ ഇസ്രാഈല്‍ നടത്തിയ അധിനിവേശത്തിനെതിരെ അന്ന് മുതല്‍ തന്നെ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ഫലസ്തീന്‍ – ഇസ്രാഈല്‍ പ്രതിസന്ധിയിലെ പ്രധാന ഘടകമാണ് ഈ അധിനിവേശം.
പതാകദിനാഘോഷവും തുടര്‍ന്ന് സേന നടത്തിയ ആക്രമണവും ശക്തമായതോടെ ഫലസ്തീനിലെ ഹമാസും റോക്കറ്റാക്രമണമടക്കമുള്ള പ്രതിരോധവും തിരിച്ചടിയുമായി രംഗത്തുവന്നു. ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇസ്രാഈല്‍ ആക്രമണത്തില്‍ 16 കുട്ടികളടക്കം 67 ഫലസ്തീനിയന് പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലായിരിക്കാം മരണസംഖ്യയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച ഗാസ ലക്ഷ്യമാക്കി ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ ബാസിം ഇസയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫലസ്തീനിലെ പൊലീസ് സ്റ്റേഷനുകളിലേക്കും സൈന്യങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലേക്കും ഇസ്രാഈല്‍ നിരന്തരം മിസൈല്‍ വര്‍ഷിക്കുകയായിരുന്നെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബുധനാഴ്ചമാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ ഇസ്രാഈല്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഗാസയില്‍ വന്‍കെട്ടിടസമുച്ചയം പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ആറ് പേരാണ് ഇസ്രാഈലില്‍ കൊല്ലപ്പെട്ടത്.
അല്‍ അഖ്‌സയും ജറുസലേമും കത്തിക്കൊണ്ടിരിക്കുകയാണ്, ഫലസ്തീനുമേലുള്ള ഇസ്രാഈല്‍ അധിനിവേശം കൂടുതല്‍ ശക്തമാവുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും ആയുധബലവുമുള്ള ഇസ്രാഈലിനെ ഫലസ്തീനെ പോലെ ഒരു രാജ്യത്തിന്, അവിടുത്തെ ഹമാസ് ഭരണകൂടത്തിന് കല്ലും തീ നിറച്ച കുപ്പികളും റോക്കറ്റും വരെ ഉപയോഗിച്ചായാലും തോല്‍പ്പിക്കാനാകുമോ, ചെറുത്തുനില്‍ക്കാനെങ്കിലുമാകുമോയെന്നത് ചോദ്യമാണ്.
പക്ഷെ, ഫലസ്തീന്‍ ജനത ബുദ്ധിമോശമോ അല്ലെങ്കില്‍ വീണ്ടുവിചാരമില്ലാത്ത അക്രമമോ ആണ് നടത്തുന്നത് എന്ന് പറയുന്നവര്‍ അതല്ലാതെ ഫലസ്തീന്‍ ജനതയ്ക്ക് മുന്‍പില്‍ മറ്റെന്ത് മാര്‍ഗമാണ് ഉള്ളതെന്ന് കൂടി പറയണമെന്നാണ് ഇതിനോട് പലരും നടത്തുന്ന പ്രതികരണങ്ങള്‍. എല്ലാ മനുഷ്യാവകാശങ്ങളും ഹനിക്കപ്പെട്ട്, താമസിക്കാനോ ജീവിക്കാനോ ഭൂമിയില്ലാതായി, അടിച്ചമര്‍ത്തലിനെതിരെ കല്ലെറിഞ്ഞതിനും ശബ്ദമുയര്‍ത്തിയതിനും തങ്ങളുടെ കുട്ടികളെ വരെ കൊലക്കുറ്റം ചുമത്തി ജയിലലടക്കുമ്പോള്‍, പ്രിയപ്പെട്ടവരെല്ലാം ഒന്നൊന്നായി കൊല്ലപ്പെടുമ്പോള്‍ നിലനില്‍പ്പിനായി അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് കൂടി പറഞ്ഞു തരേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാകുന്നുണ്ട്. പല ലോകനേതാക്കളും ആക്രമണത്തെ അപലപിക്കുന്നുണ്ട്, പക്ഷെ ആഗോള തലത്തില്‍ ഇസ്രാഈലിനെതിരെ ശക്തമായ പ്രതിഷേധം ഇനിയും ഉയര്‍ന്നിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബെഡന്‍ ഇസ്രാഈലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ പിന്തുണച്ചുകൊണ്ട് പ്രസ്താവനയിറക്കി. 1981ല്‍ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സ്റ്റാമ്പ് വരെയിറക്കിയ ഇന്ത്യ മൗനത്തിലാണ്. രാജ്യം ഭരിക്കുന്ന ഹിന്ദുത്വ വലതുപക്ഷത്തിന്റെ അനുകൂലികള്‍ ഇസ്രാഈലിന് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
രാഷ്ട്രീയ പ്രതിസന്ധിയും മതങ്ങള്‍ തമ്മിലുള്ള പോരുമായി മാത്രം ഫലസ്തീന്‍ – ഇസ്രാഈല്‍ പ്രശ്‌നത്തെ ചുരുക്കി കാണിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. മാധ്യമ വാര്‍ത്തകളിലും നവമാധ്യമങ്ങളിലുമെല്ലാം ഇതിന്റെ വ്യക്തമായ രൂപങ്ങള്‍ കാണാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
പക്ഷെ ഫലസ്തീനില്‍ അന്നും ഇന്നും ഇസ്രാഈല്‍ നടത്തുന്നത് വംശീയാക്രമണവും അധിനിവേശവും മാത്രമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെല്ലാം ഒരുപോലെ പറയുന്നുണ്ട്. ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തിയത് മാനവരാശിക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഈ ആക്രമണങ്ങള്‍ക്കെതിരെ ഇനിയെങ്കിലും ലോകം ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്നും ഓരോ മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെടുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: What is happening in Al Aqsa in Jerusalem, and it’s connection with Israel apartheid and attack against Palestine