തെൽ അവീവ്: കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് സയണിസ്റ്റ് ടെലിഗ്രാം ചാനൽ പുറത്തുവിട്ട ഫലസ്തീനികളുടെ പട്ടികയിൽ അൽ അക്സ മസ്ജിദ് ഇമാം ഷെയ്ഖ് ഇക്രിമ സബ്റിയും.
നാസി ഹണ്ടേഴ്സ് 2023 എന്ന ചാനലിലാണ് കൊലപ്പെടുത്തേണ്ടവരുടെ പേരും ഫോട്ടോയും സ്ഥലവുമുൾപ്പെടെ പോസ്റ്റ് ചെയ്തിട്ടുള്ളത്.
‘ഇനിയും ഉന്മൂലനം ചെയ്തിട്ടില്ലാത്ത, സുഖമായി ഇറങ്ങി നടക്കുന്ന നാസികൾ’ എന്ന പേരിലാണ് ഇവരുടെ വിവരങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
ഇസ്രഈൽ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ജൂത സംഘടനകളിൽ നിന്നുള്ള ഭീഷണിയെകുറിച്ച് സബ്റിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ലീഗൽ സംഘത്തിലുള്ള ഖാലിദ് സബർക്ക മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി സബ്റി തുടർച്ചയായ പ്രകോപനങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് ഖാലിദ് സബർക്ക അറിയിച്ചു.
നിലവിലെ സാഹചര്യത്തിന്റെ ഗൗരവം അറിയിക്കാൻ ജെറുസലേമിലെ പുണ്യ ഭൂമികളുടെ സംരക്ഷണ അധികാരമുള്ള ജോർദാൻ രാജാവിനെയും ജെറുസലേമിലെ അറബ് കോൺസുലേറ്റുകളെയും സബ്റി ബന്ധപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹീബ്രൂ ഭാഷയിലുള്ള ചാനൽ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ചാനലിന് 3,500ലധികം ഫോളോവേഴ്സുണ്ട്.
അൽ അഖ്സ മസ്ജിദിന്റെ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകളാണ് പട്ടികയിൽ കൂടുതലുമുള്ളതെന്ന് മിഡിൽ ഈസ്റ്റ് ഐ പറയുന്നു.
1970 മുതൽ അൽ അഖ്സ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന സബ്റിയെ നിരവധി തവണ ഇസ്രഈൽ സേന അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: Al-Aqsa imam among Palestinians on far-right Telegram hit list