ജെറുസലേം: ഡയാലിസിസ് മെഷീനുകളുടെ നിരന്തരമായ തകരാറും ഇന്‍കുബേറ്ററുകളില്‍ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ നേരിടുന്ന തടസവും കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്ന് അല്‍ അഖ്സ ആശുപത്രി. കുഞ്ഞുങ്ങളുടെ ശരീരത്തോട് ബന്ധിപ്പിച്ചിരിക്കുന്ന ട്യൂബുകള്‍ പ്രവര്‍ത്തനരഹിതമായാല്‍, അല്‍ അഖ്സ ആശുപത്രി ഫലസ്തീനിലെ വലിയയൊരു രക്തസാക്ഷിത്വ കേന്ദ്രമാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഗസ മുനമ്പിലെ ആശുപത്രികള്‍ക്ക് നേരെയുള്ള ഇസ്രഈല്‍ സൈന്യത്തിന്റെ അതിക്രമം കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തവും ക്രൂരവുമാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രഈല്‍ ഭരണകൂടം ഫലസ്തീനിലെ ആശുപത്രികളെ നിരന്തരമായി ലക്ഷ്യം വെക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ധനത്തെ ആശ്രയിക്കുന്ന മെഷീനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇന്‍കുബേറ്ററിലെ കുഞ്ഞുങ്ങളുടെയും ഡയാലിസിസ് ചെയ്യുന്ന രോഗികളുടെയും ജീവന് അപകടസാധ്യതയിലാണ് അല്‍ അഖ്സ ആശുപത്രി വക്താവ് ഖലീല്‍ അല്‍ ദക്രാന്‍ അന്തരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. ഗസയിലെ വൃക്ക രോഗികള്‍ക്കുള്ള ചികിത്സ സൗകര്യം നല്‍കുന്നത് അല്‍ അഖ്‌സ ആശുപത്രിയാണെന്ന് അല്‍ ദക്രാന്‍ കൂട്ടിച്ചേര്‍ത്തു.
വൈദ്യുതിയും വെള്ളവും തടസപ്പെടുത്തുന്നതും സൈന്യം ആക്രമണം തുടരുന്നതും മൂലം ആശുപത്രികളിലെ ഇന്ധന ലഭ്യതയെ സാരമായി ബാധിക്കുമെന്ന് അല്‍ ദക്രാന്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു അവസ്ഥ തുടരുകയാണെങ്കില്‍ കുട്ടികളടക്കമുള്ള രോഗികളെ കൂട്ടമായി ശവക്കുഴികളിലേക്ക് മാറ്റേണ്ടി വരുമെന്ന് അല്‍ അഖ്‌സ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ആശുപത്രികളില്‍ ഡയാലിസിസ് ചികിത്സാ സമയം നാല് മണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ പരിമിതപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും ആഴ്ചയിലുള്ള ഡയാലിസിസ് സെഷനുകളുടെ ആവര്‍ത്തനം കുറക്കേണ്ടി വന്നുവെന്നും അല്‍ അഖ്സ ആശുപത്രി വക്താവ് പറഞ്ഞു.
Content Highlight: Al-Aqsa Hospital says patients will have to be moved to mass graves if Israeli aggression continues