ഫലസ്തീനില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫലസ്തീന്‍ ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങി, ഫലസ്തീനികളല്ലേ കല്ലും കുപ്പികളും എറിഞ്ഞ് ഇസ്രാഈല്‍ സേനയെ പ്രകോപ്പിക്കുന്നത്, ഞങ്ങള്‍ ഫലസ്തീനൊപ്പമൊക്കെ തന്നെയാണ് പക്ഷെ അക്രമങ്ങളെ അംഗീകരിക്കുന്നില്ല, ഫലസ്തീന്‍ ഭരണകേന്ദ്രമായ ഹമാസ് തീവ്രവാദി ഗ്രൂപ്പാണ് – ഇതിനെല്ലാമിടയില്‍ ഫലസ്തീനും ഇസ്രാഈലിനുമൊപ്പമില്ല ഇരുവരും സംഘര്‍ഷം ഒഴിവാക്കണം എന്ന നിര്‍ദേശവും – കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ സേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്നു കേട്ട മൂഢവും അപകടകരവമായ വാദങ്ങളില്‍ ചിലതാണിത്.

എന്താണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ മസ്ജിദുല്‍ അഖ്‌സയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ? വെറുതെ പ്രകോപനം ഉണ്ടാക്കി താങ്ങാനാകാത്ത തിരിച്ചടികള്‍ വാങ്ങിക്കൂട്ടുകയാണോ ഫലസ്തീന്‍, ഒരു വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനയാണോ അഖ്‌സയെ സംഘര്‍ഷ ഭൂമിയാക്കിയത്, നാളുകളായി തുടരുന്ന ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശവും അഖ്‌സാ ആക്രമണങ്ങളും തമ്മിലുള്ള ബന്ധമെന്താണ്?

ഫലസ്തീനില്‍ ജൂതവംശജര്‍ നടത്തിയ അധിനിവേശത്തിന്റെയും വംശഹത്യയുടെയും അങ്ങനെ അവര്‍ സ്ഥാപിച്ചെടുത്ത ഇസ്രാഈല്‍ എന്ന രാജ്യത്തിന്റെയും വര്‍ഷങ്ങള്‍ നീണ്ട ചരിത്രത്തിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല, പക്ഷെ ഇപ്പോള്‍ അഖ്‌സയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇരു രാജ്യങ്ങളോ വംശങ്ങളോ തമ്മിലുള്ള സംഘര്‍ഷമല്ല, ഇസ്രാഈല്‍ നടത്തുന്ന ഏകപക്ഷീയമായ വംശീയാക്രമണം തന്നെയാണെന്നാണ് മനുഷ്യാവകാശ സംഘടനകളെല്ലാം ചൂണ്ടിക്കാണിക്കുന്നത്.