| Sunday, 11th October 2020, 6:08 pm

അല്‍ അമീന്‍ വീണ്ടുമെത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അല്‍ അമീന്‍ പത്രം വീണ്ടും പുറത്തിറങ്ങുന്നു. സ്വാതന്ത്ര്യ സമര സമയത്ത് സമര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാനപങ്ക് അല്‍ അമീന്‍ പത്രം വഹിച്ചിരുന്നു. ഓണ്‍ലൈനായിട്ടാണ് അല്‍ അമീന്‍ വീണ്ടും ജനങ്ങളിലേക്ക് എത്തുന്നത്.

1923 ഡിസംബറില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്  മാനേജിംഗ് ഡയറക്റ്ററായും ടി. ഹസ്സന്‍ കോയ മുല്ല അടക്കം ആറുപേര്‍ ഡയറക്റ്റര്‍മാരായും അല്‍ അമീന്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. 1924 ഒക്ടോബറിലാണ് അല്‍ അമീന്റെ പ്രഥമ ലക്കം കോഴിക്കോട് നിന്ന് പുറത്തിറങ്ങിയത്. ആദ്യം ഞായര്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നത്.

അന്തമാന്‍ സ്‌കീമിനെതിരെയും മാപ്പിള ഔട്ട്റേജസ് ആക്ടിനെതിരെയും അല്‍ അമീന്‍ ശക്തമായ നിലപാടെടുത്തിരുന്നു.

നിലവില്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദിന്റെ പേരിലാണ് പത്രത്തിന്റെ രജിസ്ട്രേഷന്‍. എഴുത്തുകാരനും അധ്യാപകനുമായ കോഡൂര്‍ അബ്ദുല്‍ ബായിസ് അല്‍ അമീനെ കുറിച്ച് ‘അല്‍ അമീന്‍: പത്രവും പത്രാധിപരും’ എന്ന പേരില്‍ പുസ്തകം എഴുതുന്നതിന്റെ ഭാഗമായി വീക്ഷണം മുഹമ്മദുമായി നടത്തിയ ചര്‍ച്ചയിലാണ് അല്‍ അമീന്‍ വീണ്ടും തുടങ്ങുന്നതിനെ കുറിച്ച് ധാരണയായത്.

കോഡൂര്‍ ബായിസ് എഡിറ്ററും ഡി.സി.സി. സെക്രട്ടറി ഉമ്മര്‍ ഗുരിക്കള്‍ മാനേജിങ് ഡയറക്ടറുമാണ്.

വെബ്സൈറ്റ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളില്‍ അല്‍ അമീന്‍ ലഭ്യമാകും. ഓണ്‍ലൈന്‍ എഡിഷന്റെ ലോഗോ പ്രകാശനം അല്‍ അമീന്റെ തൊണ്ണൂറ്റി ആറാം വാര്‍ഷിക ദിനമായ 2020 ഒക്ടോബര്‍ 12ന് മലപ്പുറം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ പി. ടി. കുഞ്ഞുമുഹമ്മദും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ട്രസ്റ്റ് ചെയര്‍മാന്‍ സി. ഹരിദാസും ചേര്‍ന്ന് നിര്‍വഹിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Al-Ameen News-paper Publishing  again

Latest Stories

We use cookies to give you the best possible experience. Learn more