| Sunday, 21st February 2021, 3:57 pm

ലക്ഷ്മിയിലെ അഭിനയത്തിന് അക്ഷയ് കുമാറിന് മികച്ച നടനുള്ള അവാര്‍ഡ്; നടനെയും ജൂറിയെയും ട്രോളി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ദാദാസാഹേബ് ഫാല്‍കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനായി അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തതില്‍ വിമര്‍ശനമുയരുന്നു. ലക്ഷ്മി എന്ന ഹൊറര്‍ കോമഡി ചിത്രത്തിലെ അഭിനയത്തിനായിരുന്നു നടന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത്.

ലോറന്‍സും ശരത് കുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാഞ്ചന എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ലക്ഷ്മി. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ വേഷത്തില്‍ കൂടി അക്ഷയ് കുമാര്‍ എത്തിയിരുന്നു. ഈ പെര്‍ഫോമന്‍സ് കണക്കിലെടുത്താണ് നടന് പുരസ്‌കാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

ലക്ഷ്മിയുടെ ഒ.ടി.ടി റിലീസിന് പിന്നാലെ തന്നെ അക്ഷയ് കുമാറിന്റെ അഭിനയവും ചിത്രവും ഏറെ നിലവാരം കുറഞ്ഞതാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. അക്ഷയ് കുമാറിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ലക്ഷ്മിയിലേതെന്നായിരുന്നു ഉയര്‍ന്ന കമന്റുകള്‍.

ഇന്ത്യയിലെ പ്രധാന എന്റര്‍ടെയ്‌മെന്റ് വെബ്‌സൈറ്റായ ഫിലിം കംപാനിയന്‍ 2020ല്‍ ഇറങ്ങിയ ഏറ്റവും മോശം ബോളിവുഡ് ചിത്രമായി തെരഞ്ഞെടുത്തത് ലക്ഷ്മിയായിരുന്നു. പരിപാടിയില്‍ ചിത്രത്തിലെ അക്ഷയ് കുമാറിന്റെ അഭിനയത്തിനെതിരെ ചലച്ചിത്ര നിരൂപക അനുപമ ചോപ്ര രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

ഇപ്പോള്‍ ഇതേ ചിത്രത്തിലെ പ്രകടനത്തിന് അക്ഷയ് കുമാറിനെ മികച്ച നടനായി തെരഞ്ഞെടുത്തതിന് പിന്നാലെ നിരവധി ട്രോളുകളാണ് രംഗത്തുവരുന്നത്. അടുത്തത് ദേശീയ അവാര്‍ഡാണെന്നും ചെറിയ ഒരു ഓസ്‌കാര്‍ കൂടി എടുത്തു കൊടുക്കാമായിരുന്നില്ലേയെന്നുമാണ് ചിലര്‍ ചോദിക്കുന്നത്.

ഈ പ്രകടനം കണ്ട് അക്ഷയ് കുമാറിന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയ ജൂറിയാണ് ശരിക്കും നടനെ അപമാനിക്കുന്നതെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ആര്‍ക്കും എന്ത് അവാര്‍ഡും നേടാമെന്നും അടുത്തത് സുരേഷ് ഗോപിക്കോ കൃഷ്ണകുമാറിനോ കൊടുക്കുമായിരിക്കുമെന്നും ചിലര്‍ പറയുന്നു. മികച്ച നായിക കങ്കണയാണോയെന്നും കമന്റുകളില്‍ ചോദ്യമുയരുന്നുണ്ട്.

ലക്ഷ്മി ബോംബ് എന്ന ചിത്രത്തിന്റെ ആദ്യ പേരിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയതും തുടര്‍ന്ന് ചിത്രത്തിന്റെ പേര് മാറ്റിയതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Akshay Kumar wins Dadasaheb Phalke  International Film Festival Award social media trolls the actor and jury

We use cookies to give you the best possible experience. Learn more