| Friday, 27th January 2023, 10:50 pm

ഇന്റനാഷണല്‍ ഖിലാഡിയാവുമോയെന്ന് അനുരാഗ് താക്കൂര്‍, ആത്മനിര്‍ഭറിലാണ്‌ വിശ്വസിക്കുന്നതെന്ന് അക്ഷയ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരുമായുള്ള ചില നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വ്യാഴാഴ്ച നടന്ന ഷാന്‍ഗായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഫിലിം ഫെസ്റ്റിവലിലാണ് മൂവരും വേദി പങ്കിട്ടത്.

വേദിയില്‍ വെച്ച് ടൈഗര്‍ ഷ്‌റോഫിനോട് അന്താരാഷ്ട്ര തലത്തില്‍ സിനിമയില്‍ ശ്രദ്ധ നേടണമോയെന്നാണ് അനുരാഗ് താക്കൂര്‍ ചോദിച്ചത്. ജാക്കി ചാന്‍, ബ്രൂസ്‌ലി, ടോം ക്രൂയിസ് മുതലായ താരങ്ങളെയാണ് താന്‍ നോക്കുന്നതെന്നാണ് ടൈഗര്‍ പ്രതികരിച്ചത്. ‘ഞാന്‍ അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു. ആ പ്രചോദനത്തില്‍ നിന്നുകൊണ്ടാണ് നമ്മുടെ മനോഹരമായ ഫിലിം ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ചെയ്യുന്നതിന് ഇന്‍ഡസ്ട്രിയില്‍ നിന്നും സ്വീകരണം ലഭിക്കുന്നതിലും സന്തോഷമുണ്ട്,’ ടൈഗര്‍ പറഞ്ഞു.

ഇതേ ചോദ്യം അനുരാഗ് അക്ഷയ്‌യോടും ആവര്‍ത്തിച്ചിരുന്നു. ‘ഇന്റര്‍നാഷണല്‍ സിനിമകളില്‍ അഭിനയിക്കാനുള്ള ആഗ്രഹം ടൈഗര്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ ലെവലിലേക്ക് പോയി ഇന്റര്‍നാഷണല്‍ ഖിലാഡിയാവാന്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടോ,’ അനുരാഗ് ചോദിച്ചു.

ഞാന്‍ ആത്മനിര്‍ഭറില്‍ വിശ്വസിക്കുന്നു, ഞാന്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമെന്നാണ് അക്ഷയ് പറഞ്ഞത്. മേക്ക് ഇന്‍ ഇന്ത്യ ലോക്കല്‍ ലെവലില്‍ നിന്നും ഗ്ലോബല്‍ ലെവലിലേക്ക് പോയി എന്നാണ് അനുരാഗ് ഇതിനോട് പ്രതികരിച്ചത്. ‘ഇന്ന് പ്രാദേശികമെന്നൊന്നില്ല. നിങ്ങളുടെ കോണ്ടന്റ് നല്ലതാണെങ്കില്‍ അത് പ്രാദേശിക തലത്തിലേക്ക് ഒതുങ്ങില്ല,’ അനുരാഗ് താക്കൂര്‍ പറഞ്ഞു. അനുരാഗ് തന്നെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

സിനിമകള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കെതിരെയും അനുരാഗ് പ്രതികരിച്ചിരുന്നു. സിനിമകളെ ടാര്‍ഗറ്റ് ചെയ്യുന്ന ബഹിഷ്‌കരണ സംസ്‌കാരം അവസാനിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ അന്തരീക്ഷം തന്നെ കലുഷിതമാക്കിയിരിക്കുകയാണ് അത്തരം സംസ്‌കാരം. ഇന്ത്യ ആഗോള തലത്തില്‍ ഒരു മൃദു സ്വാധീന ശക്തിയായി മാറി കൊണ്ടിരിക്കാന് ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത്. അത് പ്രതിച്ഛായയെ തന്നെ ബാധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ചിത്രത്തിനെതിരെ പരാതിയുണ്ടെങ്കില്‍ അധികാരികളെ സമീപിക്കാം. അല്ലാതെ വിദ്വേഷം പരത്തുകയല്ല വേണ്ടത്. പരാതികളുണ്ടെങ്കില്‍ ആ വിഷയം സിനിമാ നിര്‍മാതാക്കളെ സര്‍ക്കാര്‍ അറിയിക്കണമെന്നും സര്‍ഗാത്മകതക്ക് മേല്‍ നിയന്ത്രണങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Akshay Kumar to anurag thakur that he believes in athmanirbhar 

We use cookies to give you the best possible experience. Learn more