| Thursday, 28th December 2023, 8:15 pm

അക്ഷയ് കുമാര്‍ - ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ക്കൊപ്പം പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ഒന്നിക്കുന്നു; 2024ല്‍ ചിത്രം റിലീസിനെത്തും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍, ഷാഹിദ് കപൂര്‍ നായകനായ ബ്ലഡി ഡാഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ അലി അബ്ബാസ് സഫറിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ബഡേ മിയാന്‍ ചോട്ടെ മിയാന്‍.

ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

ജനുവരി 15 മുതല്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായി മൂന്നുപേരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ഷൂട്ട് ചെയ്ത് കഴിഞ്ഞതാണെങ്കിലും ഇന്റര്‍നാഷണല്‍ ലൊക്കേഷനുകളില്‍ ചിത്രീകരിക്കാനുള്ള മൂന്ന് ഗാനങ്ങള്‍ക്കായാണ് ഈ സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്.

പൃഥ്വിരാജ് പോസ്റ്റ്-ക്രെഡിറ്റ് അല്ലെങ്കില്‍ പ്രമോഷണല്‍ ഗാനത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു. അലി അബ്ബാസ് സഫറിന്റെ എല്ലാ സിനിമകളെയും പോലെ ഈ ചിത്രത്തിനും ഗാനങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യമുണ്ടാകും.

അനിമല്‍, കബീര്‍ സിങ്ങ്, ജേഴ്സി എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ പ്രശസ്തനായ വിശാല്‍ മിശ്രയാണ് ബഡേ മിയാന്‍ ചോട്ടെ മിയാന്റെ സംഗീതം ഒരുക്കുന്നത്. 2024ലെ റിപ്പബ്ലിക് ദിനത്തിലാകും ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങുക. ചിത്രം 2024ല്‍ ഈദിന് റിലീസ് ചെയ്യും.

Content Highlight: akshay kumar, tiger shroff and prithviraj reunite for final schedule of bade miyan chote miyan movie

We use cookies to give you the best possible experience. Learn more