ബോളിവുഡ് സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. തുടക്കകാലത്ത് ആക്ഷന്‍ ഹീറോ ആയാണ് അക്ഷയ് കുമാര്‍ തിളങ്ങിയതെങ്കിലും പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും അക്ഷയ് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. 30 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ അക്ഷയ് കുമാര്‍ 150-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, കൂടാതെ ഒരു ദേശീയ ചലച്ചിത്ര അവാര്‍ഡും രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2009-ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു.
കോമഡി സിനിമകളോട് താത്പര്യമുള്ള അക്ഷയ് കുമാര്‍, നിരവധി കോമഡി സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കോമഡി ചിത്രം ഖേല്‍ ഖേല്‍ മെയിന്‍ ഓഗസ്റ്റ് 15 ന് റിലീസ് ആകുകയാണ്.
കോമഡി സിനിമകള്‍ക്ക് മറ്റു സിനിമകള്‍ക്ക് ലഭിക്കുന്നത്ര പ്രശംസ ലഭിക്കുന്നില്ലെന്നും കോമഡി അവതരിപ്പിക്കുന്ന അഭിനേതാക്കള്‍ക്ക് മികച്ച നടനുള്ളതോ നടിക്കുള്ളതോ ആയ അവാര്‍ഡ് ഒരു അവാര്‍ഡ് ഷോയിലും കൊടുക്കുന്നില്ലെന്നും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറയുന്നു. കോമഡി ചെയ്ത് ഫലിപ്പിക്കാന്‍ വളരെ പ്രയാസമാണെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ആളുകള്‍ എന്തുകൊണ്ടായിരിക്കും കോമഡി സിനിമകളെ വളരെ ലൈറ്റ് ആയിട്ട് എടുക്കുന്നത്. എന്തുകൊണ്ട് മറ്റുള്ള സിനിമകളെ പോലെ വേണ്ടത്ര പ്രശംസ ലഭിക്കുന്നില്ല? ഒരു അവാര്‍ഡ് ഷോയിലും മികച്ച സിനിമക്കുള്ള അവാര്‍ഡ് ഒരിക്കലും ഒരു കോമഡി സിനിമക്ക് ലഭിക്കുന്നത് കണ്ടിട്ടില്ല.
അതുപോലതന്നെ കോമഡി അവതരിപ്പിക്കുന്ന നടീ നടന്മാര്‍ക്ക് മികച്ച നടനുള്ള അവാര്‍ഡോ നടിക്കുള്ള അവാര്‍ഡോ ഒരു അവാര്‍ഡ് ഷോയിലും കൊടുത്ത് കണ്ടിട്ടില്ല. അതെന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ആളുകള്‍ക്ക് മനസിലാകുന്നില്ല കോമഡി ചെയ്യാന്‍ എത്ര മാത്രം ബുദ്ധിമുട്ടാണെന്ന്. ചിലപ്പോള്‍ കോമഡി ചെയ്യുന്നത് എളുപ്പമാണെന്ന് ആളുകള്‍ക്ക് തോന്നുന്നുണ്ടാകാം.
ചാര്‍ലി ചാപ്ലിന്‍നോട് ചോദിക്കു, ജാക്കി ജാനോടോ ബെന്നി ഹില്ലിനോടോ ചോദിക്കു കോമഡി ചെയ്ത് ഫലിപ്പിക്കാന്‍ എത്രമാത്രം പ്രയാസമാണെന്ന്. ഫ്രണ്ട്‌സ് സീരീസ് ഒക്കെ നല്ല രസമുള്ള സീരീസ് ആണ്.
എന്നാല്‍ കോമഡിക്ക് വേണ്ടവിധത്തിലുള്ള പ്രശംസ ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ സ്‌ട്രെസ്സ്ഡ് ആയിരിക്കുമ്പോള്‍ ചാര്‍ളി ചാപ്ലിനോ ഫ്രണ്ട്‌സോ ഇട്ടുകാണും. അത് വല്ലാത്തൊരു സമാധാനം തരും. ഇതിനല്ലേ ശരിക്കും അവാര്‍ഡുകള്‍ കൊടുക്കേണ്ടത്? എന്റെ ഇന്‍ഡസ്ട്രിയെങ്കിലും കോമഡിയെ മനസിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ അക്ഷയ് കുമാര്‍ പറയുന്നു.
Content Highlight: Akshay Kumar Talks About Comedy Films