| Thursday, 30th March 2023, 12:36 pm

'മാങ്ങയുടെ സീസണായത് കൊണ്ടാണ് മോദിയോട് അതിനെ കുറിച്ച് ചോദിച്ചത്; അദ്ദേഹം ഭയങ്കര തമാശക്കാരനാണ്: അക്ഷയ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂദല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയോടൊപ്പം നടത്തിയ അഭിമുഖത്തിന്റെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച്ച. അഭിമുഖത്തിന്റെ വീഡിയോ ചാനലുകള്‍ പുറത്ത് വിട്ടതോടെ അക്ഷയ് കുമാറിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

അഭിമുഖത്തിനിടെ മോദിയോട് അക്ഷയ് ചോദിച്ച ചോദ്യങ്ങളാണ് ജനങ്ങളെ ചൊടിപ്പിച്ചത്. വാര്‍ത്ത സമ്മേളനങ്ങള്‍ക്ക് മുഖം കൊടുക്കാത്ത പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കാനുള്ള അവസരം അക്ഷയ് കുമാറിനാണ് കിട്ടിയതെന്നും അദ്ദേഹമത് നശിപ്പിച്ചെന്നും പറഞ്ഞ് പല ആളുകളും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ അഭിമുഖ വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

ഒരു സാധാരണക്കാരനെന്ന നിലയില്‍ തന്റെ മനസില്‍ തോന്നിയ ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ചോദിച്ചതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രൂട്ടാണ് മാങ്ങയെന്നും അതിനാലാണ് അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച് കഴിക്കുന്ന ഫ്രൂട്ടാണ് മാങ്ങ. പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ ചെന്ന സമയത്ത് ഒരു ഫിലിം സ്റ്റാറെന്നതിന് പകരം സാധാരണ മനുഷ്യനായിട്ടാണ് ഞാനന്നവിടെ ചെന്നത്. അന്ന് പിന്നെ മാങ്ങയുടെ സീസണായിരുന്നല്ലോ? എന്റെ മൈന്‍ഡില്‍ മുഴുവന്‍ ആ കാര്യമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് എന്റെ ചോദ്യങ്ങളിലും മാങ്ങ കയറി വന്നത്. എന്റെ മനസില്‍ എന്താണോ തോന്നിയത് ആ ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്.

ആദ്യ കാഴ്ച്ചയില്‍ തന്നെ നിങ്ങള്‍ക്ക് മാങ്ങ ഇഷ്ടമാണോ, അതെങ്ങനെയാണ് കഴിക്കുന്നത്, നിങ്ങള്‍ സമ്പാദിക്കുന്ന പൈസ മുഴുവന്‍ അമ്മക്കാണോ കൊണ്ടു പോയി കൊടുക്കുന്നത്, എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് ഒരു സാധാരണക്കാരനെന്ന നിലയില്‍ ഞാന്‍ ചോദിച്ചത്,’ അക്ഷയ് കുമാര്‍ പറഞ്ഞു.

കൂട്ടത്തില്‍ താന്‍ ഒരുപാട് ആരാധിക്കുന്ന വ്യക്തിത്വമാണ് മോദിയെന്നും, അദ്ദേഹത്തിന്റെ ഹ്യൂമര്‍ സെന്‍സ് സമ്മതിച്ച് കൊടുക്കേണ്ടതാണെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

‘നമ്മള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന ഒരു വ്യക്തിയോട് ഒരു സാധാരണക്കാരന്‍ വേറെ എന്താണ് പിന്നെ ചോദിക്കേണ്ടത്. എന്റെ ചോദ്യമോ, കൂടിക്കാഴ്ച്ചയോ ഇത്ര വലിയ പ്രശ്‌നമാകുമെന്ന് ഞാന്‍ കരുതിയില്ല. പിന്നെ എനിക്ക് തോന്നിയതല്ലേ ഞാന്‍ ചോദിക്കൂ, പ്രധാന മന്ത്രിയോട് അതൊന്നും ചോദിക്കാന്‍ പാടില്ല എന്ന് എനിക്ക് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് നിര്‍ദേശമൊന്നും കിട്ടിയിട്ടില്ല.

മോദിജിയെ കുറിച്ചാണെങ്കില്‍ അദ്ദേഹം നല്ലൊരു മനുഷ്യനാണ്. നമുക്ക് ആരാധിക്കാന്‍ തോന്നുന്ന, ജീവിതത്തില്‍ പിന്തുടരാന്‍ തോന്നിപ്പോകുന്ന വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. പിന്നെ അദ്ദേഹത്തിന് നല്ല സെന്‍സ് ഓഫ് ഹ്യൂമറുള്ള കാര്യവും അന്നാണ് ഞാന്‍ അറിഞ്ഞത്.

എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ ഭയങ്കരമാണ്. അന്നവിടെ വെച്ച് എന്നോട് ചില ജോക്കുകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നല്ല തമാശക്കാരനാണദ്ദേഹം,’ അക്ഷയ് കുമാര്‍ പറഞ്ഞു.

Content Highlight: Akshay kumar talking about his interview experience with modi

We use cookies to give you the best possible experience. Learn more