ഛത്രപതി ശിവജിയാവാന്‍ ഒരുങ്ങി അക്ഷയ് കുമാര്‍. താരം നായകനാവുന്ന വേദത് മറാത്തേ വീര്‍ ദൗദലേ സാത് ( Vedat Marathe Veer Daudale Saat ) എന്ന ചിത്രത്തിന്റെ ഷൂട്ട് ചൊവ്വാഴ്ച തുടങ്ങും. അക്ഷയ് കുമാറിന്റെ ആദ്യ മറാത്തി ചിത്രം കൂടിയാണ് പിരിയഡ് ഡ്രാമയായ വേദത് മറാത്തേ വീര്‍ ദൗദലേ സാത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അക്ഷയ് കുമാര്‍ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ‘മറാത്തി ചിത്രമായ വേദത് മറാത്തേ വീര്‍ ദൗദലേ സാതിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ഛത്രപതി ശിവജി മഹാരാജാവിനെ അവതരിപ്പിക്കാന്‍ ഈ ചിത്രത്തിലൂടെ എനിക്ക് ഭാഗ്യം ലഭിക്കുകയാണ്. അമ്മ ജിജൗവില്‍ (ഛത്രപതി ശിവജിയുടെ അമ്മ) നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അമ്മയുടെ അനുഗ്രഹത്തോടെ എന്റെ കഴിവിന്റെ പരമാവധി ഈ ചിത്രത്തിന് വേണ്ടി നല്‍കും. നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം,’ അക്ഷയ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഛത്രപതി ശിവജിയുടെ ചിത്രത്തിന് മുമ്പില്‍ കൈ കൂപ്പി നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് അക്ഷയ് പോസ്റ്റ് പങ്കുവെച്ചത്.
മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം വസീം ഖുറേഷിയാണ് നിര്‍മിക്കുന്നത്. ജയ് ദുധാനെ, ഉത്കര്‍ഷ ഷിന്‍ഡെ, വിശാല്‍ നികം, വിരാട് മഡ്കെ, ഹാര്‍ദിക് ജോഷി, സത്യ, അക്ഷയ്, നവാബ് ഖാന്‍, പ്രവീണ്‍ തര്‍ദെ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023 ദീപാവലി റിലീസായി ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് മുമ്പ് സാമ്രാട്ട് പൃഥ്വിരാജ് എന്ന പിരിയഡ് ഡ്രാമയുമായി അക്ഷയ് എത്തിയിരുന്നു. ടൈറ്റില്‍ റോളില്‍ അക്ഷയ് എത്തിയ ചിത്രം തിയേറ്ററുകളില്‍ വലിയ പരാജയമാണ് നേരിട്ടത്. 12ാം നൂറ്റാണ്ടിലെ രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജും രാജ്യത്തെ ആക്രമിക്കാനെത്തിയ മുഹമ്മദ് ഗോറിയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചത്.
ചന്ദ്രപ്രകാശ് ദ്വിവേദിയുടെ സംവിധാനത്തിലൊരുങ്ങിയ സാമ്രാട്ട് പൃഥ്വിരാജ് കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. ദ്വിവേദി തന്നയാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ രചനയും നിര്‍വഹിച്ചത്. 2017ല്‍ ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലറായിരുന്നു ചിത്രത്തില്‍ നായിക.
രക്ഷാ ബന്ധന്‍, രാം സേതു എന്നിവയാണ് സാമ്രാട്ട് പൃഥ്വിരാജിന് ശേഷം റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍. ഈ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു.
Content Highlight: Akshay Kumar starrer Vedat Marathe Veer Daudale Saat start started