സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബാറോസ്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്ന ചിത്രമാണ് ഇത്. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം കൊവിഡ് കാരണം ഇടയ്ക്ക് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിച്ച മലയാളചിത്രമെന്ന പ്രത്യേകതയും ബാറോസിനുണ്ട്.
ഫാന്റസി ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് ലഭിച്ചത്. ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലര്‍ ലോഞ്ചില്‍ അക്ഷയ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ട്രെയ്‌ലര്‍ കണ്ട് താന്‍ അമ്പരന്നെന്നും കുട്ടികള്‍ക്ക് വേണ്ടി ഇത്തരമൊരു സിനിമ മലയാളത്തില്‍ ഇറങ്ങിയിട്ട് ഒരുപാട് കാലമായെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
തന്റെ മകളുടെ കൂടെ കഴിഞ്ഞദിവസം കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സിനിമക്ക് പോയിരുന്നെന്നും എന്നാല്‍ അത് ഇംഗ്ലീഷായിരുന്നെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ താന്‍ ചിന്തിച്ചത് എന്തുകൊണ്ട് ഇന്ത്യയില്‍ അതുപോലുള്ള സിനിമകള്‍ ഇറങ്ങുന്നില്ലെന്നായിരുന്നെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ബാറോസ് എന്തായാലും തന്റെ മകളോടൊപ്പം കാണുമെന്നും അവള്‍ സന്തോഷിക്കാന്‍ കാണാനാണ് തനിക്കിഷ്ടമെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് അക്ഷയ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.
‘ലാല്‍ സാറിനോട് എനിക്ക് എല്ലാ കാലവും ബഹുമാനമാണ്. അദ്ദേഹത്തിന്റെ പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. അത്രയും വലിയ ഒരു നടന്‍ സംവിധായകനാകുമ്പോള്‍ ആ സിനിമ എങ്ങനെയുള്ളതാണെന്ന് അറിയാന്‍ ആകാംക്ഷയുണ്ട്. ട്രെയ്‌ലര്‍ കണ്ട ശേഷം ‘വൗ’ എന്നല്ലാതെ വേറൊന്നും എനിക്ക് പറയാന്‍ കഴിയുന്നില്ല. കുട്ടികള്‍ക്ക് വേണ്ടിയുള്ള മികച്ച ഒരു സിനിമയാകും ഇതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
കഴിഞ്ഞദിവസം എന്റെ മകളോടൊപ്പം കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സിനിമ കാണാന്‍ പോയിരുന്നു. എന്നാല്‍ അത് ഇംഗ്ലീഷിലായിരുന്നു. അപ്പോള്‍ ഞാന്‍ ചിന്തിച്ചത്, എന്തുകൊണ്ട് ഇന്ത്യയില്‍ ഇതുപോലുള്ള സിനിമകള്‍ വരുന്നില്ല എന്നാണ്. ബാറോസ് അതിനൊരു മറുപടിയാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ സിനിമ എന്തായാലും എന്റെ മകളോടൊപ്പം ഞാന്‍ കാണും. അവള്‍ എന്തായാലും ഈ സിനിമ കണ്ടാല്‍ ഹാപ്പിയാകും. അതുകാണുമ്പോള്‍ ഞാനും സന്തോഷവാനാകും,’ അക്ഷയ് കുമാര്‍ പറഞ്ഞു.
Content Highlight: Akshay Kumar shares his opinion after watching Barroz trailer