ടോം ആന്‍ഡ് ജെറി കോമഡിയല്ല, ആക്ഷനും അക്രമവും; എന്റെ ആ ഹെലികോപ്റ്റര്‍ സീന്‍ അതില്‍ നിന്നാണ്: അക്ഷയ് കുമാര്‍
Bollywood
ടോം ആന്‍ഡ് ജെറി കോമഡിയല്ല, ആക്ഷനും അക്രമവും; എന്റെ ആ ഹെലികോപ്റ്റര്‍ സീന്‍ അതില്‍ നിന്നാണ്: അക്ഷയ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th August 2024, 8:17 pm

ബോളിവുഡില്‍ മികച്ച കോമഡി – ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അക്ഷയ് കുമാര്‍. തന്റെ കരിയറില്‍ നിരവധി ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടുള്ള നടനാണ് അദ്ദേഹം. എങ്കിലും ഇപ്പോള്‍ അക്ഷയ് കുമാറിന്റേതായി ഇറങ്ങുന്ന മിക്ക സിനിമകളും പ്രതീക്ഷിച്ചത്രയും വിജയമാകാറില്ല. ‘ഖേല്‍ ഖേല്‍ മേന്‍’ ആണ് നടന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

ഇപ്പോള്‍ ഈ ചിത്രത്തിന്റെ ഭാഗമായി പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ടോം ആന്‍ഡ് ജെറി കോമഡിയല്ലെന്നും അത് ആക്ഷനാണെന്നും അതിലുള്ളത് അക്രമമാണ് എന്നുമാണ് നടന്‍ പറഞ്ഞത്.

അഭിമുഖത്തില്‍ ഖേല്‍ ഖേല്‍ മേനില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ച നടന്‍ ഫര്‍ദീന്‍ ഖാന്‍ ടോം ഏന്‍ഡ് ജെറിയാണ് തന്റെ പ്രിയപ്പെട്ട കോമഡി ചിത്രമെന്ന് പറയുകയായിരുന്നു. ആ സമയത്താണ് അക്ഷയ് കുമാര്‍ ടോം ആന്‍ഡ് ജെറിയില്‍ ആക്രമമാണെന്ന് പറഞ്ഞത്. താന്‍ ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ടോം ആന്‍ഡ് ജെറിയില്‍ നിന്ന് എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം നാഷണല്‍ ജിയോഗ്രാഫിക്കില്‍ നിന്ന് താന്‍ ആക്ഷന് വേണ്ടി പ്രചോദനം ഉള്‍ക്കൊണ്ടതായും അക്ഷയ് കുമാര്‍ വെളിപ്പെടുത്തി.

‘അല്ല, അല്ല. ടോം ആന്‍ഡ് ജെറി കോമഡിയല്ല. അത് ആക്ഷനാണ്. അതില്‍ അക്രമമാണ്. ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ഞാന്‍ ടോം ആന്‍ഡ് ജെറിയില്‍ നിന്ന് എടുത്തിട്ടുണ്ട്. എന്റെ സിനിമകളില്‍ ഒരുപാട് തവണ ചെയ്തിട്ടുണ്ട്. ആ മുഴുവന്‍ ഹെലികോപ്റ്റര്‍ സീനും ഞാന്‍ ടോം ആന്‍ഡ് ജെറിയില്‍ നിന്ന് എടുത്തതാണ്. മറ്റൊന്ന് നാഷണല്‍ ജിയോഗ്രാഫിക് ആണ്. അതില്‍ നിങ്ങള്‍ക്ക് മികച്ച ആക്ഷന്‍ കാണാന്‍ സാധിക്കും. ടോം ആന്‍ഡ് ജെറി അവിശ്വസനീയമാണ്,’ അക്ഷയ് കുമാര്‍ പറഞ്ഞു.

Content Highlight: Akshay Kumar Says Tom And Jerry Cartoon Is Not Comedy