പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും ഇന്റര്‍വ്യൂ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് നടന്‍ അക്ഷയ് കുമാര്‍. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘പ്രധാനമന്ത്രിയുടെ ഇന്റര്‍വ്യൂ എടുക്കാന്‍ ആര്‍ക്കാണ് താത്പര്യമില്ലാത്തത്. അത്തരമൊരു അവസരം ആരും നിരസിക്കില്ല. എനിക്ക് അങ്ങനെയൊരു ചാന്‍സ് കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും,’ അക്ഷയ് പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അക്ഷയ് പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടക്ക് അക്ഷയ് കുമാര്‍ നരേന്ദ്ര മോദിയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു.
കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിനെ പറ്റിയും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ താരം സംസാരിച്ചിരുന്നു. തുടര്‍ച്ചയായി 14 സിനിമകള്‍ പരാജയപ്പെട്ടപ്പോഴാണ് കനേഡിയന്‍ പൗരത്വം സ്വീകരിച്ചതെന്ന് അക്ഷയ് പറഞ്ഞു.
‘എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്ന സമയത്താണ് ഞാന് കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് എടുത്തത്. ആ സമയം എന്റെ 14 സിനിമകള്‍ പരാജയപ്പെട്ടിരുന്നു. കാനഡയിലുണ്ടായിരുന്ന എന്റെ സുഹൃത്തുക്കള്‍ അവിടെ എന്തെങ്കിലും ജോലി ചെയ്യാമെന്ന് പറഞ്ഞു.
അങ്ങനെ ടൊറെന്റോയില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് കനേഡിയന്‍ പാസ്പോര്‍ട്ട് ലഭിച്ചു. ആ സമയത്ത് എന്റെ രണ്ട് സിനിമകള്‍ കൂടി റിലീസ് ചെയ്യാനുണ്ടായിരുന്നു. ആ സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ രണ്ടും സൂപ്പര്‍ ഹിറ്റായി. അങ്ങനെ ഞാന്‍ എന്റെ സുഹൃത്തിനോട് തിരികെ പോവുകയാണെന്ന് പറഞ്ഞു.
തിരികെ വന്നപ്പോള്‍ എനിക്ക് ഒരുപാട് സിനിമകള്‍ ലഭിച്ചു. കനേഡിയന്‍ പാസ്പോര്‍ട്ട് ഒരു യാത്രാരേഖ മാത്രമായിരുന്നു. ഇവിടെ തന്നെയാണ് ഞാന്‍ നികുതി അടക്കുന്നത്. ഇവിടുത്തെ ഏറ്റവും വലിയ നികുതി ദായകനും ഞാനാണ്,’ അക്ഷയ് പറഞ്ഞു.
Content Highlight: Akshay Kumar says that he is interested in interviewing Prime Minister Narendra Modi