കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ നിരന്തരം ട്രോള്‍ ചെയ്യപ്പെടുന്ന താരമാണ് അക്ഷയ് കുമാര്‍. സിനിമകള്‍ പരാജയപ്പെടുന്ന ഘട്ടത്തിലാണ് താന്‍ കാനഡയിലേക്ക് കുടിയേറിയാലോയെന്ന് ആലോചിച്ചതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. എന്നാല്‍ പിന്നെ തീരുമാനം മാറ്റി, താന്‍ ഇന്ത്യയില്‍ തന്നെയാണ് നികുതികള്‍ അടക്കുന്നതെന്നും ഇന്ത്യക്കാരന്‍ തന്നെയായിരിക്കുമെന്നും ലല്ലാന്‍ടോപ് സിനിമ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറഞ്ഞു.
‘ഇന്ത്യക്കാരനാണ് ഞാന്‍, ഇനി തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ 15 സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ആ സമയത്ത് കാനഡയിലേക്ക് മാറി അവിടെ ജോലി ചെയ്ത് ജീവിച്ചാലോ എന്ന് ചിന്തിച്ചിരുന്നു.
ഒരുപാട് ആളുകള്‍ കാനഡയില്‍ പോയി ജോലി ചെയ്ത് ജീവിക്കുന്നുണ്ട്. അവരെല്ലാം ഇപ്പോഴും ഇന്ത്യക്കാരാണ്. വിധി എന്നെ തുണയ്ക്കുന്നില്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും ചെയ്‌തേ തീരൂ. അങ്ങനെയാണ് കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും അത് ലഭിക്കുകയും ചെയ്യുന്നത്.
എന്നാല്‍ അതിന് ശേഷം എന്റെ സിനിമകള്‍ വിജയിക്കാന്‍ തുടങ്ങി. എങ്കില്‍ പിന്നെ എന്റെ സ്വന്തം രാജ്യത്ത് തന്നെ തുടരാമെന്ന് കരുതി. അതില്‍ പിന്നെ ഇവിടെ നിന്നും പോകുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ല,’ അക്ഷയ് കുമാര്‍ പറഞ്ഞു.
‘ശരിയാണ്, എനിക്കൊരു കനേഡിയന്‍ പാസ്‌പോര്‍ട്ടുണ്ട്. പക്ഷേ എന്തിനാണ് പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നത്, ഒരു രാജ്യത്തില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് പോവാന്‍. ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. കാനഡയില്‍ എനിക്ക് നികുതി അടക്കാനുള്ള ഓപ്ഷന്‍സ് ഉണ്ട്. എന്നാല്‍ എന്റെ എല്ലാ നികുതികളും ഇന്ത്യയിലാണ് അടക്കുന്നത്. ആളുകള്‍ പലതും പറയും. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഞാനൊരു ഇന്ത്യക്കാരനാണ്, എന്നും അങ്ങനെ തന്നെയായിരിക്കും,’ അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആനന്ദ് റായിയുടെ സംവിധാനത്തിലെത്തിയ രക്ഷാബന്ധനാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രം. രാമ സേതു, ഒ.എം.ജി. 2, സെല്‍ഫി, തമിഴ് ചിത്രം രാക്ഷസന്റെ റീമേക്ക്, സൂരരൈ പോട്ര് ചിത്രത്തിന്റെ റീമേക്ക് എന്നിവയാണ് അക്ഷയ് കുമാറിന്റെ പുതിയ പ്രോജക്റ്റുകള്‍.
Content Highlight: Akshay Kumar said that he thought of migrating to Canada when his films were failing