| Friday, 16th December 2022, 9:06 am

രാമന്റെ പ്രിന്റുള്ള കാവി കുര്‍ത്തയും ബിക്കിനിയും ധരിച്ച സ്ത്രീകള്‍ക്കൊപ്പം നൃത്തം; സംഘപരിവാര്‍ ഇനി അക്ഷയ് കുമാറിനെ ബഹിഷ്‌കരിക്കുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ബേഷരം രംഗ് പാട്ടിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും സൈബര്‍ ആക്രമണവും പ്രതിഷേധവും ശക്തമായിരിക്കെ ട്വിറ്ററില്‍ ചര്‍ച്ചയായി അക്ഷയ് കുമാറിന്റെ പഴയ ഗാനം. താരത്തിന്റെ ഭൂല്‍ ഭുലയ്യ എന്ന ചിത്രത്തിലെ ഹരേ രാം എന്ന പാട്ടാണ് ട്വിറ്ററില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

രാം എന്ന് പ്രിന്റ് ചെയ്ത കാവി കുര്‍ത്തയും ബിക്കിനിയും ധരിച്ച സ്ത്രീകള്‍ക്കൊപ്പമാണ് പാട്ടില്‍ അക്ഷയ് നൃത്തം ചെയ്യുന്നത്. അക്ഷയ് കുമാറും രാം എന്ന് പ്രിന്റ് ചെയ്ത കാവി കുര്‍ത്തയാണ് പാട്ടില്‍ ധരിച്ചിരിക്കുന്നത്. ദീപികയുടെ കാവി ബിക്കിനിയും പൊക്കി പിടിച്ച് ബഹളം വെക്കുന്ന സംഘപരിവാറിന് അക്ഷയ് കുമാറിന്റെ പാട്ടിലെ, രാം എന്ന് പ്രിന്റ് ചെയ്ത കാവി കുര്‍ത്തയും ബിക്കിനിയും ധരിച്ച സ്ത്രീകള്‍ ഒരു പ്രശ്‌നമല്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്.

കത്രീന കൈഫിനൊപ്പം അക്ഷയ് അഭിനയിച്ച ഗലേ ലഗ് ജാ എന്ന പാട്ടും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. കാവി സാരിയാണ് കത്രീന പാട്ടില്‍ ധരിച്ചിരിക്കുന്നത്.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ഷാരൂഖും രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമ ഇടങ്ങള്‍ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനായി ഉപയോഗപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാരൂഖ്.

നിഷേധാത്മകത എന്നത് സമൂഹമാധ്യമ ഉപയോഗത്തെ കൂട്ടുമെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. സ്വാഭാവികമായും അതിന്റെ വിപണി സാധ്യതയും വര്‍ധിക്കും. അത്തരം ശ്രമങ്ങള്‍ കൂട്ടായ്മ എന്നതിനെ അവസാനിപ്പിച്ച് പകരം ഭിന്നിപ്പിക്കലിന് കാരണമാകും. സിനിമയിലൂടെ നമുക്ക് വരുന്ന തലമുറയ്ക്കായി കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാം. ലോകം എന്തുതന്നെ ചെയ്താലും ഞങ്ങളെപ്പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരും, ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ആക്ഷേപകരമായ രീതിയില്‍ പച്ചയും കാവിയും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഈ ഗാന രംഗത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ എത്തുന്നത് എന്നും അദ്ദേഹം പറയുന്നു.

ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറഞ്ഞു.

വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധം നടത്തിയിരുന്നു. ബേഷരം എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്.

Content Highlight: Akshay Kumar’s old song is being discussed on Twitter amid cyber attacks from Sangh Parivar centers against Besharam Rang song of sharook khan and deepika padukone 

We use cookies to give you the best possible experience. Learn more