| Monday, 26th September 2022, 1:24 pm

ഇനി 'രാം സേതു'വിനെ രക്ഷിച്ചേക്കാം; റാം റാം ബി.ജി.എമ്മുമായി അക്ഷയ് കുമാറിന്റെ അടുത്ത ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. രാം സേതു എന്ന സിനിമയുടെ ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിഹാസകഥയായ രാമായണത്തില്‍ പ്രതിപാദിക്കുന്ന രാമസേതുവിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രാമസേതു രക്ഷിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന കേന്ദ്ര കഥാപാത്രമായാണ് അക്ഷയ് കുമാര്‍ എത്തുന്നത്.

രാമ സേതു പാലം ഒരു മിഥ്യയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിക്കാന്‍ പുറപ്പെടുന്ന പുരാവസ്തു ഗവേഷകനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. ഗവേഷകനായാണ് അക്ഷയ് കുമാറെത്തുന്നത്.

‘നിരീശ്വരവാദിയായ ഒരു പുരാവസ്തുഗവേഷകന്‍ വിശ്വാസിയായി മാറുന്നു. പൈശാചിക ശക്തികള്‍ തകര്‍ക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ നെടുംതൂണായ ലെജന്‍ഡറി രാം സേതുവിനെ രക്ഷിക്കാന്‍ ഇയാള്‍ നിയോഗിക്കപ്പെടുന്നു. വഴിത്തിരിവുകളും ട്വിസ്റ്റുകളുമായെത്തുന്ന ആക്ഷന്‍ അഡ്വഞ്ചെറാണ് ചിത്രം,’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ശ്രീലങ്കന്‍ തീരമായ മാന്നാര്‍ ദ്വീപിനും തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപിനും ഇടയിലുള്ള ലൈംസ്റ്റോണ്‍ പറ്റങ്ങളുടെ നിരയാണ് പൊതുവെ ‘രാമ സേതു’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. സിനിമയിലും ഇതിനെയാണോ പുരാണത്തിലെ രാം സേതുവായി അവതരിപ്പിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

‘രാം സേതു രക്ഷിക്കാന്‍ മൂന്ന് ദിവസം മാത്രമേ നമുക്ക് മുന്നിലുള്ളു’ എന്ന അക്ഷയ് കുമാര്‍ കഥാപാത്രത്തിന്റെ ഡയലോഗാണ് ട്രെയ്‌ലറില്‍ പ്രധാനമായും കാണിക്കുന്നത്. റാം റാം എന്ന ബി.ജി.എമ്മാണ് മറ്റൊന്ന്. ട്രെയ്‌ലറിലെ സി.ജി.ഐ രംഗങ്ങള്‍ നിലവാരം പുലര്‍ത്തുന്നില്ലെന്ന കമന്റുകള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

അഭിഷേക് ശര്‍മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാം സേതു. ഒക്ടോബര്‍ 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സത്യ ദേവ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത് ബറൂച്ച, നാസര്‍, പ്രവേഷ് റാണ എന്നിവരാണ് ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം അണിനിരക്കുന്നത്.

നേരത്തെ ഇറങ്ങിയ ബച്ചന്‍ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍ തുടങ്ങിയ അക്ഷയ് കുമാര്‍ ചിത്രങ്ങളെല്ലാം തിയേറ്ററില്‍ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിനുശേഷം ഒ.ടി.ടിയില്‍ ഭാഗ്യപരീക്ഷണത്തിന് ശ്രമിച്ച കട്പുട്ട്ലിയും പരാജയപ്പെട്ടു.

ഡിസ്നി ഹോട്സ്റ്റാറില്‍ നേരിട്ട് റിലീസ് ചെയ്ത ഹിന്ദി ചിത്രങ്ങളില്‍ ഏറ്റവും കുറവ് വ്യൂ നേടിയ ചിത്രമായി കട്പുട്ട്‌ലി മാറുകയായിരുന്നു. രാം സേതുവിലൂടെ കരിയറിനെ കരകേറ്റാനുള്ള ശ്രമത്തിലാണ് അക്ഷയ് കുമാര്‍.

Content Highlight: Akshay Kumar’s new movie Ram Sethu trailer out

Latest Stories

We use cookies to give you the best possible experience. Learn more