അമിത് റായ് സംവിധാനം ചെയ്യുന്ന അക്ഷയ് കുമാര്‍ ചിത്രം ഓ മൈ ഗോഡ് 2 ഒ.ടി.ടി റിലീസ് ആയിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.
കൊവിഡിന് ശേഷം ഇറങ്ങിയ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ഒന്നും തിയേറ്ററില്‍ വലിയ വിജയം കണ്ടിരുന്നില്ല. ഒ.ടി.ടി റിലീസായെത്തിയ ചിത്രങ്ങളും വിജയം കണ്ടിരുന്നില്ല. ഇപ്പോഴിതാ പുതിയ ചിത്രം ‘ഓ മൈ ഗോഡ് 2’ ഒ.ടി.ടി റിലീസായാണ് എത്തുന്നതെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Akshay Kumar’s ‘Oh My God – 2’ will be direct OTT release. pic.twitter.com/FRfQmMUEN0
— MOVIE HERALD (@movieherald) March 16, 2023
വൂട്ട്/ ജിയോ സിനിമയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്‌സ് സിനിമ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളില്‍ ചിലരും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ഓ മൈ ഗോഡിന്റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്.
മലയാളത്തില്‍ വലിയ വിജയമായി മാറിയ പൃഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി പതിപ്പായ സെല്‍ഫിയാണ് അക്ഷയ് കുമാറിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രാജ് മേത്ത സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. ഇമ്രാന്‍ ഹാഷ്മി, മൃണാള്‍ താക്കൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
content highlight: akshay kumar’s new movie ott release