| Sunday, 3rd July 2022, 8:41 am

'നല്ല സിനിമകള്‍ക്ക് സമയമെടുക്കും'; അക്ഷയ് കുമാറിനെ കുത്തി മാധവന്‍; അതിന് ഞാനെന്ത് ചെയ്യണമെന്ന് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല സിനിമകള്‍ ചെറിയ സമയം കൊണ്ട് നിര്‍മിക്കാനാവില്ലെന്ന മാധവന്റെ കമന്റിന് മറുപടിയുമായി അക്ഷയ് കുമാര്‍. മാധവന്റെ പരാമര്‍ശം പരോക്ഷമായി അക്ഷയ് കുമാറിനെ ഉദ്ദേശിച്ചുള്ളതാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

‘പുഷ്പ-ദി റൈസ്, ആര്‍.ആര്‍.ആര്‍ പോലെയുള്ള ചിത്രങ്ങള്‍ ഒരു വര്‍ഷത്തിന് മേലെ ഷൂട്ട് ചെയ്തിരുന്നു. അതിനാല്‍ തന്നെ മൂന്നാല് മാസം കൊണ്ട് ചിത്രീകരിച്ച സിനിമകളെക്കാള്‍ പ്രേക്ഷകര്‍ ഈ സിനിമകള്‍ക്ക് മുന്‍ഗണന നല്‍കും,’ എന്നാണ് മാധവന്‍ പറഞ്ഞത്. റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു മാധവന്റെ പ്രതികരണം.

അക്ഷയ് കുമാര്‍ പെട്ടെന്ന് സിനിമകള്‍ ചെയ്തുതീര്‍ക്കാറുള്ളതുകൊണ്ട് മാധവന്റെ കമന്റ് അദ്ദേഹത്തെ തന്നെ ഉദ്ദേശിച്ചുള്ളതാകാമെന്നാണ് ഉയര്‍ന്ന് വന്ന അഭിപ്രായങ്ങള്‍. പുതിയ ചിത്രമായ രക്ഷാ ബന്ധന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു മാധവനുള്ള മറുപടി അക്ഷയ് കുമാര്‍ നല്‍കിയത്.

‘ഞാന്‍ എന്താണ് പറയേണ്ടത്. എന്റെ ജോലികള്‍ പെട്ടെന്ന് തീര്‍ക്കും. എന്റെ ജോലി തീര്‍ന്നു, വീട്ടില്‍ പൊയ്‌ക്കോളൂ എന്നാണ് സംവിധായകര്‍ പറയാറുള്ളത്. അപ്പോള്‍ ഞാനെന്താണ് ചെയ്യേണ്ടത്, അവരോട് വഴക്ക് പിടിക്കണോ,’ അക്ഷയ് ചോദിച്ചു.

അടുത്തിടെ പുറത്ത് വന്ന അക്ഷയ് ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ ബോക്സ് ഓഫീസ് പരാജയത്തിന് അക്ഷയ് കുമാര്‍ കാരണമായെന്ന് നിര്‍മാതാവ് ആദിത്യ ചോപ്ര പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ ചന്ദ്രപ്രകാശ് ദിവേദി രംഗത്തെത്തിയിരുന്നു.

ആദ്യമായാണോ ഒരു നടന്‍ വെപ്പ് മീശ ഉപയോഗിക്കുന്നത് എന്നും സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തില്‍ നടന്‍ അക്ഷയ് കുമാറിനെ നിര്‍മാതാക്കള്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Akshay Kumar responded to Madhavan’s comment that good films cannot be made in a short time

We use cookies to give you the best possible experience. Learn more