| Wednesday, 24th April 2019, 10:00 am

'കള്ളംപറഞ്ഞുകൊണ്ട് ഏറെക്കാലം ജനങ്ങളെ പിടിച്ചുനിര്‍ത്താനാവില്ല'; അക്ഷയ് കുമാറിനോട് നരേന്ദ്രമോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രിയാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടന്‍ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്.

‘ഞാന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മറ്റുപലരുമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചില പശ്ചാത്തലത്തില്‍ വരുന്ന ആളുകള്‍ അത്തരം കാര്യങ്ങള്‍ സ്വപ്‌നം കണ്ടിരിക്കാം. 1962ലെ യുദ്ധവേളയില്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ നിന്നും പട്ടാളക്കാര്‍ ട്രെയിനില്‍ കയറുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. അവരും അവരുടെ ത്യാഗങ്ങളും എനിക്ക് പ്രചോദനമായിരുന്നു.’ മോദി പറഞ്ഞു.

കള്ളം പറഞ്ഞുകൊണ്ട് ഏറെക്കാലം ജനങ്ങളെ പിടിച്ചുനിര്‍ത്താനാവില്ലെന്നും അക്ഷയ് കുമാറിനോട് മോദി പറഞ്ഞു.

‘ കള്ളംപറഞ്ഞുകൊണ്ട് ഏറെക്കാലം ആളുകളെ പിടിച്ചുനിര്‍ത്താനാവില്ല. എനിക്കുവേണ്ടി ഞാന്‍ തന്നെ ചില ചിട്ടവട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എളുപ്പം ദുര്‍വ്യാഖ്യാനം ചെയ്യാമെന്നതിനാല്‍ തമാശ പറയുകയെന്നത് ബുദ്ധിമുട്ടാണ്. സുഹൃത്തുക്കളുമായി തമാശ പറയാറുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ കുറേക്കൂടി ശ്രദ്ധിച്ചേ ഇടപെടാറുള്ളൂ. പ്രത്യേകിച്ച് ടി.ആര്‍.പികളില്‍ വലിയ താല്‍പര്യമുള്ള ആളുകളുമായി.’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ചെറുപ്പത്തില്‍ താനെന്താവാനാണ് ആഗ്രഹിച്ചതെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ ഇന്ന് എത്തിയിരിക്കുന്ന നിലയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. രാഷ്ട്രീയത്തിനു പുറമേയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നത് നല്ലതാണ്. ഒപ്പം പ്രവര്‍ത്തിച്ചവരോട് ക്രുദ്ധനാവേണ്ട ഒരു സാഹചര്യവുമുണ്ടായിട്ടില്ല. താന്‍ വളരെ സ്ട്രിക്ടാണ് പക്ഷേ ക്രുദ്ധനായിട്ടില്ലെന്നും മോദി പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്കു മുമ്പേ കുടുംബത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നവനാണ് ഞാന്‍. ഇപ്പോള്‍ ഇതാണെന്റെ ജീവിതം. എന്തിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുകയെന്ന് എന്റെ അമ്മ പലപ്പോഴും ചോദിക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഞാന്‍ അങ്ങേയറ്റം കര്‍ക്കശക്കാരനാണ് എന്ന തരത്തിലുള്ള ഇമേജ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്’. മോദി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more