| Sunday, 15th January 2023, 4:34 pm

ഈ 'സെല്‍ഫി' എങ്കിലും മിന്നിക്കുമോ, റിലീസ് തിയതി പ്രഖ്യാപിച്ച് അക്ഷയ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ സിനിമയായ സെല്‍ഫിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. ചിത്രം ഫെബ്രുവരി 24നാണ് തിയേറ്ററുകളിലെത്തുന്നത്. രാജ് മേത്ത സംവിധാനം ചെയ്യുന്ന സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം ഇമ്രാന്‍ ഹാഷ്മിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇരുവരും ഉള്‍പ്പെടുന്ന മോഷന്‍ പോസ്റ്ററിനൊപ്പമാണ് റിലാസ് തിയതി പ്രഖ്യാപിച്ചത്. ആരാധകരാണ് താരത്തെ സൃഷ്ടിക്കുന്നതെന്നും തകര്‍ക്കുന്നതെന്നും പോസ്റ്റിനൊപ്പം അക്ഷയ്കുമാര്‍ കുറിച്ചു.

‘ആരാധകര്‍ ഒരു താരത്തെ സൃഷ്ടിക്കുന്നു. ഒരു താരത്തെ തകര്‍ക്കാനും ആരാധകര്‍ക്ക് കഴിയും. ആരാധകര്‍ തന്റെ ആരാധന മൂര്‍ത്തിക്കെതിരെ തിരിയുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് കണ്ടു തന്നെ അറിയണം. ഫെബ്രുവരി 24ന് സെല്‍ഫി തിയേറ്ററുകളില്‍ കാണുക,’ അക്ഷയ് കുമാര്‍ കുറിച്ചു.

ഡയാന പെന്റി, നുഷ്രത്ത് ബനൂച്ചി തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ ആദ്യമായി അക്ഷയ് കുമാര്‍ പുറത്ത് വിട്ടത്. ഇമ്രാന്‍ ഹാഷ്മിക്കൊപ്പമുള്ള ഒരു വീഡിയോയിലൂടെയാണ് സെല്‍ഫിയെ കുറിച്ചുള്ള വിവരം താരം പങ്കുവെച്ചത്. സെല്‍ഫിയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പായിരുന്നു വീഡിയോ പുറത്ത് വിട്ടത്.

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സിനിമ. കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, രാജ് മേത്ത, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണണ് ചിത്രം നിര്‍മിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് അക്ഷയ് കുമാര്‍ ആരാധകര്‍ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്.

സാമ്രാട്ട് പൃഥ്വിരാജ്, രാമ സേതു, കട്ട് പുട്ട്‌ലി, ബച്ചന്‍ പാണ്ടേ തുടങ്ങി നിരവധി ചിത്രങ്ങള്‍ അക്ഷയ് കുമാറിന്റേതായി 2022ല്‍ പുറത്തിറങ്ങിയിരുന്നു. ചിത്രങ്ങള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു.

CONTENT HIGHLIGHT: AKSHAY KUMAR NEW MOVIE RELEAS DATE

We use cookies to give you the best possible experience. Learn more