കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിനെ പറ്റി സംസാരിക്കുകയാണ് അക്ഷയ് കുമാര്‍. തുടര്‍ച്ചയായി 14 സിനിമകള്‍ പരാജയപ്പെട്ടപ്പോഴാണ് കനേഡിയന്‍ പൗരത്വം സ്വീകരിച്ചതെന്ന് അക്ഷയ് പറഞ്ഞു. ആ സമയത്ത് തന്റെ രണ്ട് ചിത്രങ്ങള്‍ വലിയ വിജയമായെന്നും അങ്ങനെ ഇന്ത്യയിലേക്ക് തിരികെ എത്തിയെന്നും അക്ഷയ് പറഞ്ഞു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്ന സമയത്താണ് ഞാന് കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് എടുത്തത്. ആ സമയം എന്റെ 14 സിനിമകള്‍ പരാജയപ്പെട്ടിരുന്നു. കാനഡയിലുണ്ടായിരുന്ന എന്റെ സുഹൃത്തുക്കള്‍ അവിടെ എന്തെങ്കിലും ജോലി ചെയ്യാമെന്ന് പറഞ്ഞു. അവിടെ കാര്‍ഗോ ബിസിനസ് ചെയ്യാമെന്ന് ഒരു ഓഫര്‍ എന്റെ സുഹൃത്ത് മുന്നിലേക്ക് വെച്ചു.
അങ്ങനെ ടൊറെന്റോയില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് കനേഡിയന്‍ പാസ്‌പോര്‍ട്ട് ലഭിച്ചു. ആ സമയത്ത് എന്റെ രണ്ട് സിനിമകള്‍ കൂടി റിലീസ് ചെയ്യാനുണ്ടായിരുന്നു. ആ സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ രണ്ടും സൂപ്പര്‍ ഹിറ്റായി. അങ്ങനെ ഞാന്‍ എന്റെ സുഹൃത്തിനോട് തിരികെ പോവുകയാണെന്ന് പറഞ്ഞു.
തിരികെ വന്നപ്പോള്‍ എനിക്ക് ഒരുപാട് സിനിമകള്‍ ലഭിച്ചു. കനേഡിയന്‍ പാസ്‌പോര്‍ട്ട് ഒരു യാത്രാരേഖ മാത്രമായിരുന്നു. ഇവിടെ തന്നെയാണ് ഞാന്‍ നികുതി അടക്കുന്നത്. ഇവിടുത്തെ ഏറ്റവും വലിയ നികുതി ദായകനും ഞാനാണ്,’ അക്ഷയ് പറഞ്ഞു.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചിരുന്നു. മനസും പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി എന്ന കുറിപ്പോടെ അക്ഷയ് തന്നെയാണ് രജിസ്ട്രേഷന്‍ രേഖയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
മിഷന്‍ റാണിഗഞ്ജാണ് ഒടുവില്‍ റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ ചിത്രം. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ആദ്യ വാരാന്ത്യത്തില്‍ വെറും 12.60 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്.
1989 ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ജ് കല്‍ക്കരി ഖനന പ്രദേശത്ത് കുടുങ്ങിപ്പോയ 65 തൊഴിലാളികളെ രക്ഷിച്ച മൈനിങ് എന്‍ജിനീയര്‍ ജസ്വന്ത് സിങ് ഗില്ലിന്റെ കഥയാണ് ചിത്രം പറഞ്ഞത്.
കൊവിഡിന് ശേഷം പുറത്ത് വന്ന സൂര്യവന്‍ശി, ഒ.എം.ജി 2 എന്നീ ചിത്രങ്ങളൊഴികെ അക്ഷയ് കുമാറിന്റെ മറ്റ് ചിത്രങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
Content Highlight: Akshay Kumar is talking about taking Canadian citizenship