Indian Cinema
കൊവിഡ്; നടന്‍ അക്ഷയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 05, 05:49 am
Monday, 5th April 2021, 11:19 am

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിലവില്‍ തനിക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മുന്‍കരുതല്‍ എന്നോണം ആശുപത്രിയില്‍ അഡ്മിറ്റ് ആയതാണെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

‘ നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞാന്‍ ഇപ്പോള്‍ സുഖമായി ഇരിക്കുന്നു. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍കരുതലെന്നോണം ആശുപത്രിയില്‍ കഴിയുകയാണ്. അധികം വൈകാതെ തന്നെ തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും സുരക്ഷിതരായിരിക്കൂ,’ അക്ഷയ് കുമാര്‍ ട്വീറ്റില്‍ പറഞ്ഞു.

അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാമസേതു സെറ്റിലെ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ സെറ്റിലുള്ളവര്‍ക്കെല്ലാം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നതാണ്.

എന്നാല്‍ പിന്നീട് അക്ഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സെറ്റിലുള്ള 100 പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇതില്‍ നിന്നാണ് 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി തെളിഞ്ഞത്. ഇതോടെ രാമസേതുവിന്റെ ഷൂട്ടിംഗ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

കഴിഞ്ഞദിവസമാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതനായ വിവരം താരം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം ക്വാറന്റീനില്‍ പോകണമെന്നും അക്ഷയ് പറഞ്ഞിരുന്നു. ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും ആര്‍.മാധവനും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Akshay Kumar hospitalised after testing Covid-19 positive