മലയാളവും കടന്ന്, അഭിനയിച്ച എല്ലാ ഇന്‍ഡസ്ട്രികളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ്. 16 വര്‍ഷത്തോലം നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ പൃഥ്വിയുടെ ആടുജീവിതം റിലീസിന് തയാറെടുക്കുകയാണ്. ഇതിന് പിന്നാലെ താരത്തിന്റെ പുതിയ ബോളിവുഡ് ചിത്രവും വരുന്നുണ്ട്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയില്‍ പൃഥ്വിയാണ് വില്ലന്‍.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് മുംബൈയില്‍ താരനിബിഡമായ ചടങ്ങില്‍ വെച്ച് നടന്നു. ലോഞ്ചിന് ശേഷം സിനിമയിലെ നായകന്‍ അക്ഷയ് കുമാര്‍ പൃഥ്വിയെ അഭിനന്ദിച്ച് സംസാരിച്ചു. ഈ ചടങ്ങിന് വരുന്നതിന് മുമ്പ് താന്‍ ആടുജീവിതത്തിന്റെ ട്രെയ്‌ലര്‍ കണ്ടിരുന്നുവെന്നും, എവിടെയായിരുന്നാലും ഈ സിനിമ ആദ്യ ദിവസം കാണാന്‍ ശ്രമിക്കുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
പൃഥ്വി 16 വര്‍ഷം ഒരു സിനിമക്ക് വേണ്ടി മാറ്റി വെച്ചത് തനിക്കൊന്നും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു. അക്ഷയ് കുമാറിനെപ്പോലെയുള്ള സീനിയര്‍ നടന്മാര്‍ തനിക്ക് ഇന്‍സ്പിറേഷനാണെന്ന് പൃഥ്വി പറഞ്ഞതിനോട് എന്താണ് പറയാനുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘പൃഥ്വിയെപ്പോലൊരു നടന്‍ ഇങ്ങനെ പറഞ്ഞുകേട്ടതില്‍ സന്തോഷമുണ്ട്. ഞാന്‍ ഈ ചടങ്ങിന് വരുന്നതിന് മുമ്പ് പൃഥ്വിയുടെ പുതിയ സിനിമ ഗോട്ട് ലൈഫിന്റെ ട്രെയ്‌ലര്‍ കണ്ടു. അതിശയിച്ചിരുന്നു പോയി അതു കണ്ടിട്ട്. എന്തൊരു പെര്‍ഫോമന്‍സാണ് ഈ ട്രെയ്‌ലറില്‍.
എവിടെയായിരുന്നാലും ആദ്യദിവസം തന്നെ ഈ സിനിമ കാണാന്‍ ഞാന്‍ ശ്രമിക്കും. ഇതിന് വേണ്ടി 16 വര്‍ഷമാണ് പൃഥ്വി മാറ്റിവെച്ചതെന്ന് ഇപ്പോള്‍ എന്നോട് പറഞ്ഞു. വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. ഞാനൊക്കെ 16 മാസത്തില്‍ കൂടുതല്‍ ഒരു സിനിമക്കായി മാറ്റിവെക്കില്ല. പൃഥ്വി, യൂ ആര്‍ ഗ്രേറ്റ്,’ അക്ഷയ് കുമാര്‍ പറഞ്ഞു.
Content Highlight: Akshay Kumar appreciates Prithviraj for his dedication in Aadujeevitham