പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ മാപ്പുമായി ഹിന്ദി നടന്‍ അക്ഷയ് കുമാര്‍. സമൂഹമാധ്യമങ്ങളിലൂടെ താരത്തിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ പരസ്യവുമായുള്ള കരാര്‍ പിന്‍വലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രേക്ഷകരില്‍ നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചെന്നും പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. പരസ്യത്തില്‍ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും അക്ഷയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അക്ഷയ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ എന്റെ ആരാധകരോടും എല്ലാ പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കില്ല.
വിമല്‍ എലൈച്ചിയുമായുള്ള പരസ്യങ്ങള്‍ മൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഞാന്‍ മനസ്സിലാക്കുന്നു. വിനയപൂര്‍വം ഞാന്‍ അതില്‍ നിന്ന് ഒഴിവാവുന്നു. എനിക്ക് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചു.
ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നത് വരെ അവര്‍ ആ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഭാവിയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ സ്‌നേഹം പ്രതീക്ഷിക്കുന്നു’, അക്ഷയ് കുമാര്‍ പോസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാര്‍ അഭിനയിച്ച വിമല്‍ പാന്‍ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്.
അജയ് ദേവ്ഗണും ഷാരൂഖ് ഖാനും ആരാണ് ഈ പുതിയ ഖില്ലാഡിയെന്ന് ചോദിക്കുന്നതും പാന്‍ മസാല ചവച്ചുകൊണ്ട് കടന്നു വരുന്ന അക്ഷയ് കുമാര്‍ താനാണ് പുതിയ ഖില്ലാഡിയെന്ന് പറയുന്നതുമാണ് പരസ്യത്തിലുള്ളത്.
അജയ് ദേവ്ഗണ്ണിനും ഷാരൂഖ് ഖാനും ശേഷം വിമലിന്റെ പരസ്യത്തില്‍ വേഷമിട്ട താരമാണ് അക്ഷയ് കുമാര്‍. വിമല്‍ പുകയില ഉല്‍പന്നങ്ങളും വില്‍ക്കുന്നുണ്ട്. ഇതാണ് പ്രേക്ഷകരെ ഒന്നാകെ ചൊടിപ്പിച്ചിരിക്കുന്നത്.
പുകയിലയുടെ പരസ്യങ്ങളില്‍ അഭിനയിക്കില്ല എന്നുപറഞ്ഞ നടന്‍ തന്നെ വിമലിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നു, അവസരത്തിനൊത്ത് വാക്കുമാറ്റുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്.