ന്യൂദല്‍ഹി: ബോളിവുഡ് താരം റിച്ച ഛദ്ദയുടെ ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ വിമര്‍ശനവുമായി അക്ഷയ് കുമാര്‍. റിച്ചയുടെ വാക്കുകള്‍ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും സൈന്യമുള്ളതുകൊണ്ടാണ് നാം ജീവനോടെയിരിക്കുന്നതെന്നും അക്ഷയ് ട്വീറ്റ് ചെയ്തു.
‘റിച്ചയുടെ വാക്കുകള്‍ വളരെയധികം വേദനിപ്പിക്കുന്നു. സൈന്യത്തോട് നന്ദിയില്ലാത്തവരാവരുത്. അവരുള്ളത് കൊണ്ടാണ് നമ്മളുള്ളത്,’ റിച്ചയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് അക്ഷയ് കുറിച്ചു.
റിച്ച ഇന്ത്യാ വിരുദ്ധയാണെന്നാണ് കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്. ‘ഇങ്ങനെയുള്ള പെരുമാറ്റങ്ങള്‍ എന്നില്‍ ഒട്ടും അത്ഭുതമുണ്ടാക്കുന്നില്ല. ഇവര്‍ ഇന്ത്യ വിരുദ്ധയാണ്. ഇതൊക്കെ പറഞ്ഞിട്ടും എന്തിനാണ് ബോളിവുഡിനെ ബോയികോട്ട് ചെയ്യുന്നതെന്ന് ചോദിക്കും. നാണക്കേട്,’ വിവേക് ട്വീറ്റ് ചെയ്തു.
പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് റിച്ച ഛദ്ദ ഗല്‍വാന്‍ താഴ്‌വരയുമായി പരാമര്‍ശം നടത്തിയത്.
”പാക്കിസ്ഥാനില്‍നിന്നും പി.ഒ.കെ തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ പൂര്‍ണ സജ്ജരാണ്. സര്‍ക്കാരില്‍നിന്നും ഉത്തരവ് കിട്ടാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. വളരെ വേഗം ഓപ്പറേഷന്‍ പൂര്‍ത്തിയാക്കും. അതിനു മുമ്പ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചാല്‍ മറുപടി വ്യത്യസ്തമാകും. അവര്‍ക്കു ഭാവന ചെയ്യാന്‍ പോലുമാകില്ല അത്” എന്ന നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറുടെ ട്വീറ്റ് പങ്കുവച്ച് റിച്ച, ‘ഗല്‍വാന്‍ ഹായ് പറയുന്നു’ (Galwan says hi) എന്നായിരുന്നു റിച്ച ട്വീറ്റ് ചെയ്തത്.
സൈന്യത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കുകയല്ല തന്റെ ഉദ്ദേശ്യമെന്നും തന്റെ വാക്കുകള്‍ മനഃപൂര്‍വമല്ലെങ്കിലും ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടുട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം ട്വീറ്റ് ചെയ്തു.
തന്റെ മുത്തച്ഛനും സഹോദരന്മാരും സൈന്യത്തിലായിരുന്നെന്നും റിച്ച ഛദ്ദ ക്ഷമാപണ ട്വീറ്റില്‍ പറഞ്ഞു. ഇന്ത്യ-ചൈന യുദ്ധത്തില്‍ ലെഫ്റ്റനന്റ് കേണല്‍ ആയിരുന്ന തന്റെ മുത്തച്ഛന് കാലില്‍ വെടിയേറ്റിരുന്നെന്നും അവര്‍ വ്യക്തമാക്കി.
സുപ്രിം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ റിച്ചയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ചെന്നും പരിഹസിച്ചെന്നും ആരോപിച്ച് റിച്ചയുടെ പുതിയ സിനിമ ഫുക്രി 3 ബോയ്‌കോട്ട് ചെയ്യണമെന്ന ആഹ്വനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.
Content Highlight: Akshay kumar and Vivek Agnihotri criticized Richa Chadha’s tweet