പാന്‍ ഇന്ത്യന്‍ എന്ന് പറഞ്ഞാല്‍ എന്താണെന്ന് എനിക്കറിയില്ല: അക്ഷയ് കുമാര്‍
Entertainment
പാന്‍ ഇന്ത്യന്‍ എന്ന് പറഞ്ഞാല്‍ എന്താണെന്ന് എനിക്കറിയില്ല: അക്ഷയ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th July 2024, 6:22 pm

ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍. 1990ല്‍ സിനിമാലോകത്തേക്കെത്തിയ അക്ഷയ് കുമാര്‍ 34 വര്‍ഷത്തെ കരിയറില്‍ 190 സിനിമകളില്‍ ഭാഗമായിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം 100 കോടി ചിത്രങ്ങളുള്ള നടന്‍ കൂടിയാണ് അക്ഷയ് കുമാര്‍. എന്നാല്‍ കൊവിഡിന് ശേഷം താരത്തിന്റെ ഒരു സിനിമകളും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സര്‍ഫിറയും ബോക്‌സ് ഓഫീസില്‍ കിതക്കുകയാണ്.

ബോളിവുഡ് സിനിമകള്‍ കൂട്ടത്തോടെ തകരുന്ന സമയത്ത് അക്ഷയ് കുമാറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഓ.എം.ജി 2വാണ് താരത്തിന്റെ അവസാന ഹിറ്റ്. പല സിനിമകളും പാന്‍ ഇന്ത്യന്‍ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി പുറത്തിറങ്ങുമ്പോള്‍ പാന്‍ ഇന്ത്യന്‍ എന്നുവെച്ചാല്‍ എന്താണെന്ന് തനിക്കറിയില്ലെന്ന് പറയുകയാണ് അക്ഷയ് കുമാര്‍.

സിനിമയുടെ ബിസിനസ് വെച്ച് എല്ലായിടത്തും എത്തിക്കണമെന്ന ചിന്തയില്‍ പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യുമ്പോള്‍ അത് സിനമയുടെ ആത്മാവിനെ ബാധിക്കുന്ന കാര്യമായി മാറുമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. എന്നാല്‍ ബോളിവുഡില്‍ അത്തരത്തില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ കിട്ടേണ്ട സിനിമകള്‍ക്ക് പലപ്പോഴും അങ്ങനെ കിട്ടാറില്ലെന്നും ഈ വര്‍ഷം പുറത്തിറങ്ങിയ ‘മൂഞ്ച്യ’ എന്ന സിനിമ അത്തരത്തിലൊന്നായിരുന്നെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘പാന്‍ ഇന്ത്യന്‍ സിനിമ എന്ന് പലരും പറയുന്നുണ്ട്. എന്താണ് പാന്‍ ഇന്ത്യന്‍ എന്ന് എനിക്ക് അറിയില്ല. വലിയ ബിസിനസ് നടക്കുന്ന സിനിമയെയാണോ പാന്‍ ഇന്ത്യനെന്ന് പറയുന്നതെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. ചിലര്‍ പറയുന്നത് ഒന്നിലധികം ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമയാണ് പാന്‍ ഇന്ത്യന്‍ എന്ന്. എന്നാലും അതിനൊരു പ്രോപ്പറായിട്ടുള്ള ഡെഫനിഷന്‍ കിട്ടാറില്ല.

ഇനി എല്ലായിടത്തും ഒരു പോലെ കണക്ട് ആകുന്ന സിനിമയെയാണ് പാന്‍ ഇന്ത്യനെന്ന് പറയുന്നതെങ്കില്‍ ഈ വര്‍ഷം ഇറങ്ങിയ ഹിന്ദി ചിത്രം ‘മൂഞ്ച്യ’ അത്തരത്തിലുള്ള ഒന്നാണ്. ആ സിനിമയെ ആരും പാന്‍ ഇന്ത്യനെന്ന് പറയുന്നില്ല. പാന്‍ ഇന്ത്യന്‍ ആകണമെന്ന് രീതിയില്‍ ചിന്തിച്ച് സിനിമ ചെയ്യുമ്പോള്‍ അത് ആ സിനിമയുടെ ആത്മാവിനെ ബാധിക്കും,’ അക്ഷയ് കുമാര്‍ പറഞ്ഞു.

Content Highlight: Akshay Kumar about Pan Indian films