അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ സെല്‍ഫിയും പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞമാസം ഫെബ്രുവരി 24നാണ് സെല്‍ഫി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.
തുടര്‍ച്ചയായി അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വമ്പന്‍ പരാജയമാണ് ഏറ്റവാങ്ങുന്നത്. എന്നാല്‍ തന്റെ അമ്മയുടെ മരണശേഷം തനിക്ക് മോശം സമയമാണെന്നാണ് സെല്‍ഫിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറയുന്നത്.
അദ്ദേഹത്തിന്റെ അമ്മയായ അരുണ ഭാട്ടിയ 2021 സെപ്റ്റംബര്‍ എട്ടിനാണ് മരിച്ചത്. അമ്മയെക്കുറിച്ച് പറയുമ്പോള്‍ അഭിമുഖത്തില്‍ വെച്ച് അക്ഷയ് കുമാര്‍ കരഞ്ഞു. അവതാരക അമ്മയെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം കരഞ്ഞുകൊണ്ട് ഈ കാര്യം പറഞ്ഞത്. അമ്മ മരിച്ചതിന് ശേഷം തന്റെ സിനിമകളൊന്നും വിജയിച്ചിട്ടില്ലെന്നും ഇപ്പോള്‍ തനിക്ക് മോശം സമയമാണെന്നും അദ്ദേഹം പറഞ്ഞു.
” എനിക്ക് എല്ലാം എന്റെ അമ്മയായിരുന്നു. അമ്മയുടെ മരണശേഷം എനിക്ക് നല്ല സമയമല്ല. തുടര്‍ച്ചയായി എന്റെ സിനിമകള്‍ പരാജയപ്പെടാനുള്ള കാരണം അതാണ്. അമ്മ മരിച്ചതിന് ശേഷം എനിക്ക് വളരെ മോശം സമയമാണ്. വിഷമിക്കേണ്ട മകനെ, ദൈവം എപ്പോഴും നിന്റെ കൂടെയുണ്ടാകുമെന്ന് അമ്മ എപ്പോഴും എന്നോട് പറയാറുണ്ട്,” അക്ഷയ് കുമാര്‍ പറഞ്ഞു.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിര്‍മിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. അക്ഷയ്‌ക്കൊപ്പം ഇമ്രാന്‍ ഹാഷ്മി, നുഷ്രത്ത് ബറൂച്ച, ഡയാന പെന്റി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം മോശം തുടക്കമാണ് കാഴ്ചവെച്ചത്.
തിയേറ്ററുകളിലെ ടിക്കറ്റ് വില്പനയോ ഓണ്‍ലൈന്‍ പ്രീ ബുക്കിങ്ങോ ചിത്രത്തെ തുണച്ചിട്ടില്ല. സിനിമയുടെ ഓപ്പണിങ് ബോക്സ് ഓഫീസ് കണക്കുകളില്‍ മറ്റ് അഭിനേതാക്കളും പിന്നിലാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങളില്‍ അക്ഷയ് കുമാറിന്റേത് തന്നെയാണ് ഏറ്റവും മോശം.
അതേസമയം, തന്റെ കനേഡിയന്‍ പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് അക്ഷയ് കുമാര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. ട്രോളുകളും വിമര്‍ശനങ്ങളും തന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ പാസ്പോര്‍ട്ടുകള്‍ ഉപേക്ഷിക്കുകയാണെന്നും അതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നുമാണ് നടന്‍ പറഞ്ഞത്. സിനിമകളുടെ മോശം ബോക്‌സ് ഓഫിസ് പ്രകടനമാണ് കനേഡിയന്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
content highlight: akshay kumar about his failures