ന്യൂദല്‍ഹി: മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകളെ ബലാത്സംഗം ചെയ്ത്, നഗ്നരാക്കി നടത്തുന്ന വീഡിയോക്ക് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. വീഡിയോ കണ്ട് ഞെട്ടിപ്പോയെന്ന് നടന്‍ ട്വീറ്റ് ചെയ്തു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
‘മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരെയുള്ള വീഡിയോ അരോചകവും ഭയവും ഉണ്ടാക്കുന്നതാണ്. ഇത് പോലൊരു കുറ്റം ചെയ്യാന്‍ ആരും മുതിരാത്ത തരത്തിലുള്ള ശിക്ഷ പ്രതികള്‍ക്ക് ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Shaken, disgusted to see the video of violence against women in Manipur. I hope the culprits get such a harsh punishment that no one ever thinks of doing a horrifying thing like this again.
മനുഷ്യത്വത്തിനെതിരെയുള്ള അക്രമമാണെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് വിഷയത്തില്‍ പ്രതികരിച്ചത്. കുകി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു.
മണിപ്പൂരില്‍ ആഭ്യന്തര യുദ്ധം നടക്കുമ്പോഴും ബി.ജെ.പി ഭാരത് എന്ന പേര് ചുരുക്കാന്‍ നടക്കുകയാണെന്ന വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തി. കുകി വനിതകള്‍ ഇന്ത്യയുടെ മക്കളും അമ്മമാരും സഹോദരിമാരുമാണെന്നും ഭാരതത്തോട് സ്‌നേഹമുണ്ടെങ്കില്‍ പ്രധാനമന്ത്രി മൗനം ഉപേക്ഷിക്കണമെന്നുമാണ് മഹുവ പ്രതികരിച്ചത്.
മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം കുകി വിഭാഗത്തില്‍ പെടുന്ന രണ്ട് സ്ത്രീകളെ മെയ്തി വിഭാഗക്കാരായ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്‌നരാക്കി നടത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മെയ്തി വിഭാഗക്കാരാണ് അക്രമികളെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഐ.ടി.എല്‍.എഫും (ഇന്‍ഡീജെനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം) വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
മെയ് നാലിന് കാങ്‌പോക്പി ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. ഇരു സ്ത്രീകളുടെയും കുടുംബത്തിലെ രണ്ട് പുരുഷന്മാരെ ക്രൂരമായി തല്ലിക്കൊന്നതിന് ശേഷമാണ് ഈ സ്ത്രീകളോട് അതിക്രമം കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സംഭവത്തില്‍ മണിപ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തൗബാല്‍ ജില്ലയിലെ നോങ്‌പോക്ക് സെക്മായി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അജ്ഞാതരായ ഒരു കൂട്ടം അക്രമികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
content highlights: AKSHAY KUMAN ON MANIPPUR ISSUE