| Tuesday, 7th June 2022, 6:35 pm

അവന്‍ മാന്ത്രികനാണ്, ആ പന്തുകള്‍ക്ക് മുന്നില്‍ ഞാന്‍ വെറും സാധാരണക്കാരന്‍, അവന്റെ പ്രകടനം വസീം അക്രമിന്റേതു പോലെ: അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകക്രിക്കറ്റിലെ പേസര്‍മാരില്‍ എണ്ണം പറഞ്ഞ പലരും പിറവിയെടുത്തിട്ടുള്ളത് പാകിസ്ഥാനില്‍ നിന്നാണ്. ഇമ്രാന്‍ ഖാന്‍, വഖാന്‍ യൂനിസ്, വസീം ഖാന്‍, ഷോയിബ് അക്തര്‍ മുതല്‍ ഇന്നത്തെ ജനറേഷനിലെ സൂപ്പര്‍ താരം ഷഹീന്‍ അഫ്രിദി വരെ എത്തി നില്‍ക്കുന്നതാണ് പാകിസ്ഥാന്റെ പേസ് നിര.

പാകിസ്ഥാന്റെ എക്കാലത്തേയും സൂപ്പര്‍ താരങ്ങളില്‍ പ്രധാനിയാണ് ഷോയിബ് അക്തര്‍. കാറ്റിനെ പോലും അതിശയിപ്പിക്കുന്ന താരത്തിന്റെ വേഗമേറിയ പന്തുകള്‍ക്ക് മുന്നില്‍ ബാറ്റര്‍മാര്‍ താളം കണ്ടെത്താനാവാതെ പതറുന്നത് സ്ഥിരം കാഴ്ചയാണ്. വന്യമായ ഈ വേഗം തന്നെയാണ് അക്തറിന് റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന വിളിപ്പേര് സമ്മാനിച്ചത്.

എന്നാലിപ്പോള്‍, മറ്റൊരു പേസ് താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അക്തര്‍.

പാകിസ്ഥാന്‍ കണ്ട എക്കാലത്തേയും മികച്ച പേസറായ മുഹമ്മദ് ആസിഫിനെയാണ് അക്തര്‍ പുകഴ്ത്തുന്നത്. ആസിഫിന്റെ പന്തുകളില്‍ എന്തോ മാന്ത്രികത ഒളിഞ്ഞിരിപ്പുണ്ടെന്നും അവന്റെ പന്തുകള്‍ കാണുമ്പോള്‍ താന്‍ സാധാരണക്കാരനാണെന്ന് തോന്നിപ്പോവാറുണ്ടെന്നും താരം പറയുന്നു.

2005ല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ആസിഫിന്റെ വിവാദമായ കരിയര്‍ 5 വര്‍ഷം കൊണ്ടുതന്നെ അവസാനിച്ചിരുന്നു.

2006ല്‍ ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനത്തിലായിരുന്നു ആസിഫ് എന്ന ബൗളറുടെ കരുത്ത് ലോകം കണ്ടത്. ഏഴ് വിക്കറ്റായിരുന്നു ആസിഫ് അന്ന് സ്വന്തമാക്കിയത്.

‘അന്ന് ആസിഫ് ഇന്ത്യയെ വരിഞ്ഞുമുറുക്കിയ രീതി……. ഞാന്‍ അവനെ പോലെ ഒരു മാന്ത്രികനെ ഇതുവരെ കണ്ടിട്ടില്ല. അവന്‍ എന്നെ വെറും സാധാരണ ഫാസ്റ്റ് ബൗളറാക്കി മാറ്റി,’ അക്തര്‍ പറയുന്നു.

മുഹമ്മദ് ആസിഫിനെ പ്രശംസിച്ചും മതിവരാതെ ആസിഫ് അവനെ തന്റെ ആരാധ്യപുരുഷനായ വസീം അക്രമിനോട് ഉപമിക്കുകയും ചെയ്തു.

ഒത്തുകളി വിവാദത്തില്‍പ്പെട്ടതോടെയാണ് ആസിഫിന്റെ കരിയര്‍ അവസാനിച്ചത്. ഏഴ് വര്‍ഷത്തേക്കായിരുന്നു ഐ.സി.സി ആസിഫിനെ ക്രിക്കറ്റില്‍ നിന്നും വിലക്കിയത്. ഇതോടെ ആസിഫിന്റെ കരിയറിനും തിരശീല വീഴുകയായിരുന്നു.

Content highlight: Akhtar about Muhammad Asif who made him look ordinary

We use cookies to give you the best possible experience. Learn more