|

ദാദ്രി കൊലക്കേസിലെ പ്രധാനപ്രതിയ്ക്ക് ജോലി നല്‍കി ബി.ജെ.പി സര്‍ക്കാര്‍: മറ്റൊരു പ്രതിയുടെ കുടുംബത്തിന് എട്ടുലക്ഷം രൂപ നല്‍കുമെന്നും ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോയ്ഡ: ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക് എന്നയാളെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജോലി നല്‍കി സര്‍ക്കാര്‍. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതിയാണ് വൈകാതെ തന്നെ ജോലിയില്‍ പ്രവേശിക്കുക.

ജയിലില്‍ കഴിയവെ മരണപ്പെട്ട, കേസിലെ മറ്റൊരു പ്രതിയായ രവീണ്‍ സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.

സിസോദിയയുടെ കുടുംബത്തിന് വൈകാതെ തന്നെ പണം കൈമാറുമെന്ന് ലോക്കല്‍ ബി.ജെ.പി എം.എല്‍.എ തേജ്പാല്‍ സിങ് നഗര്‍ പ്രതികരിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss ബീഫ് കൊലപാതകക്കേസിലെ പ്രധാന സാക്ഷിയുടെ ഭാര്യ കോടതിപരിസരത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു: ആസൂത്രിതമെന്ന് ബന്ധുക്കള്‍


രവീണ്‍ സിസോദിയയുടെ ഭാര്യയ്ക്ക് പ്രൈമറി സ്‌കൂളില്‍ ജോലി നല്‍കും. എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കും. ആദ്യഘട്ടത്തില്‍ 5 ലക്ഷം രൂപയാണ് കൈമാറുകയെന്നും ബാക്കി തുക അടുത്ത ഘട്ടത്തില്‍ നല്‍കുമെന്നും നഗര്‍ പറയുന്നു.

കേസിലെ പ്രധാനപ്രതിയും ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന വ്യക്തിയ്ക്കുമാണ് ദാദ്രിയിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനിലെ പ്രൈവറ്റ് ഫേമില്‍ ജോലി നല്‍കുക. ഇയാളുടെ പേര് വ്യക്തമാക്കിയിട്ടില്ല. കേസിലെ മറ്റുപ്രതികളെല്ലാം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുകയാണ്. കൊലപാതകക്കേസില്‍പ്രതികളായതിന് പിന്നാലെ ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജോലി തരപ്പെടുത്തുമെന്നും എം.എല്‍.എ പ്രതികരിച്ചു. ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തന്നെ എന്‍.ടി.പിസിയില്‍ സ്വകാര്യ കോണ്‍ട്രാക്ടര്‍മാരോടൊപ്പം ജോലി ചെയ്യുന്നതില്‍ നിയമപരമായ തടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ജോലിയൊന്നും സ്ഥിരമല്ല. എന്നാല്‍ ചെയ്യുന്ന ജോലിയില്‍ പ്രാവീണ്യം തെളിയിക്കുകയാണെങ്കില്‍ അവരെ സ്ഥിരമാക്കാനുള്ള സാധ്യതകളും ഉണ്ട്. – എം.എല്‍.എ പറയുന്നു.

അതേസമയം പ്രതികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനെ കുറിച്ച് തങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും എന്നാല്‍ അഖ്‌ലക് കൊലക്കേസിലെ എല്ലാ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണെന്നും കേസില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അഖ്‌ലാകിന്റെ കുടുംബം പ്രതികരിച്ചു.

അഖ്‌ലാകിന്റെ കൊലപാതകികള്‍ ആരാണെന്ന് ഈ രാജ്യം മുഴുവന്‍ ചോദിക്കുകയാണ്. കേസ് മുന്നോട്ട് നീങ്ങുന്നില്ല. ഇതില്‍ നിന്നും തങ്ങള്‍ എന്താണ് മനസിലാക്കേണ്ടതെന്നും സഹോദരന്‍ മുഹമ്മദ് ജന്‍ ചോദിക്കുന്നു.

അഖ്‌ലകിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ എന്‍.ടി.പി.സിയില്‍ ജോലി നല്‍കുമെന്ന വാര്‍ത്ത നാഷണല്‍ ഹിന്ദി ഡെയ്‌ലിയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.