ന്യൂദൽഹി: ഇന്ന് രാവിലെയോടെയാണ് മകാലു ബാറുൺ നാഷണൽ പാർക്കിനടുത്തുള്ള ബാറുൺ ഇന്ത്യൻ സൈന്യത്തിന്റെ ബേസ് ക്യാമ്പിൽ യതിയുടെ കാൽപാടുകൾ കണ്ടെത്തിയ വാർത്ത മാധ്യമങ്ങളിൽ വൈറലാകുന്നത്. വാർത്തയ്ക്ക് പിറകെ നിരവധി ട്രോളുകളും പരിഹാസങ്ങളും ‘സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇന്ന് നിങ്ങൾ യതിയെ കണ്ടെത്തി നാളെ നിങ്ങൾ അച്ഛേ ദിൻ കണ്ടെത്തും, നാളെ നേതാജിയെ കണ്ടെത്തും’ എന്ന മട്ടിലായിരുന്നു ട്രോളുകൾ.
ഇത് ഇപ്പോൾ ഏറ്റു പിടിച്ചിരിക്കുകയാണ് സമാജ്വാദി പാർട്ടി നേതാവും മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവ്. 2014 ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഓർമിപ്പിച്ചുകൊണ്ട് ”അച്ഛേ ദിന്നി’നെ കണ്ടുകിട്ടുക എന്നത് യതിയെ കണ്ടെത്തുന്നതിലും പാടാണ്’ എന്നാണ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
നേപ്പാളിന്റെ ഭാഗത്തുള്ള ഹിമാലയൻ മലനിരകളിൽ ജീവിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജീവിയാണ് യതി. ഹിമമനുഷ്യൻ, ബിഗ്ഫൂട്ട്, എന്നുള്ള പേരുകളിലും യതി അറിയപ്പെടുന്നു. എന്നാൽ യതി ജീവിച്ചിരിക്കുന്നു എന്നത് സംബന്ധിച്ച് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ കെട്ടുകഥകളിലൂടെയും, മിത്തുകളിലൂടെയും ഏറെ പ്രശസ്തനാണ് യതി.
40 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി നേരത്തെ അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. മോദിക്ക് 125 കോടി ജനങ്ങളിലുള്ള വിശ്വാസം നഷ്ടമായെന്നും അതുകൊണ്ടാണ് അധാര്‍മികമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.
കള്ളപ്പണത്തിന്റെെ കരുത്തിലാണ് മോദി തൃണമൂല്‍ എം.എല്‍.എമാരെ ബി.ജെ.പി പാളയത്തിലെത്തിക്കുമെന്ന് അവകാശപ്പെടുന്നതെന്നും നരേന്ദ്ര മോദിയെ 72 വര്‍ഷത്തേക്ക് വിലക്കണമെന്നും അഖിലേഷ് പറഞ്ഞിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദ പ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പഞ്ചാബ് മന്ത്രി നവജോത് സിംഗ് സിദ്ദുവിനെയും 72 മണിക്കൂര്‍ വിലക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷിന്റെ പ്രസംഗം.