| Saturday, 17th June 2023, 5:57 pm

ബി.ജെ.പിയെ ദളിതരും പിന്നാക്കകാരും പരാജയപ്പെടുത്തും; 2024 ലെ ഫോര്‍മുല വെളിപ്പെടുത്തി അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ഫോര്‍മുല വെളിപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്നാക്ക വിഭാഗങ്ങളും ദളിതരും ന്യൂനപക്ഷങ്ങളും പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വി കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ മഹാ പ്രതിപക്ഷ
ഐക്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തര്‍പ്രദേശിലെ തന്റെ മുദ്രാവാക്യം ‘ 80 സീറ്റിലും ബി.ജെപിയെ പരാജയപ്പെടുത്തുക, അവരെ നീക്കം ചെയ്യുക’ എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

‘മറ്റ് പാര്‍ട്ടികളും കൂടി പിന്തുണച്ചാല്‍ യു.പിയില്‍ 80 ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പിയെ പരാജയപ്പെടുത്താനാകും,’ അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

സഖ്യകക്ഷികളുമായി ഏറെ വിശ്വസ്തത പുലര്‍ത്തുന്ന പാര്‍ട്ടിയാണ് സമാജ് വാദിയെന്നും തന്റെ പാര്‍ട്ടിയുടെ സഖ്യ ഫോര്‍മുലയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘സഖ്യത്തിലാകുമ്പോള്‍ ഒരു സംസ്ഥാനത്ത് ഏത് പാര്‍ട്ടിയാണോ ശക്തരെന്ന് നോക്കിയിട്ട് വേണം സീറ്റ് വിഭജനം നടത്താന്‍. നിയമ സഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്, മായാവതിയുടെ ബി.എസ്.പി എന്നിവയുമായി എസ്.പി സഖ്യമുണ്ടാക്കിയിട്ടുണ്ട്. സഖ്യകക്ഷികളുമായി ഏറെ വിശ്വസ്തത പുലര്‍ത്തുന്ന പാര്‍ട്ടിയാണ് സമാജ് വാദി. മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിലായിരുന്നപ്പോയൊന്നും എസ്.പി സീറ്റിന് വേണ്ടി കലഹിക്കുന്നത് നിങ്ങളാരും കേട്ടിട്ടുണ്ടാകില്ല’ അഖിലേഷ് പറഞ്ഞു.

Content Highlight: Akhilesh yadhav  reveal formula to defeat bjp in the 2024 loksabha polls

We use cookies to give you the best possible experience. Learn more