ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി സമാജ് വാദി പാര്‍ട്ടി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ദളിത് വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടി നടത്തുന്നത്.
സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, ബി.എസ്.പി സ്ഥാപകനായ കാന്‍ഷി റാമിന്റെ പ്രതിമ ഏപ്രില്‍ മൂന്നിന് റായ് ബറേലിയില്‍ അനാച്ഛാദനം ചെയ്യുന്നുണ്ട്.
പരിപാടിയില്‍, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് ദളിത്-ഒ.ബി.സി ഐക്യം ശക്തമാക്കുന്നതിനായുള്ള നീക്കങ്ങള്‍ വിപുലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാന്‍ഷിറാം കാട്ടിത്തന്ന വഴിയില്‍ നിന്ന് മാറി നടക്കുകയാണ് മായാവതിയുടെ ബി.എസ്.പി യെന്നും
കാന്‍ഷി റാമിന്റെയും മുലായം സിങ് യാദവിന്റെയും അനുയായികള്‍ ഒരുമിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും വ്യക്തമാക്കി
സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്വാമി പ്രസാദ് മൗര്യ രംഗത്ത് വന്നിരുന്നു.
‘ബാബാസാഹിബ് അംബേദ്കറും കാന്‍ഷി റാമും തെളിച്ച വഴിയില്‍ നിന്ന് മാറി നടക്കുകയാണ് ഇപ്പോള്‍ ബി.എസ്.പി. കാന്‍ഷി റാമിന്റെയും മുലായം സിങ് യാദവിന്റെയും അനുയായികള്‍ രാഷ്ട്രനിര്‍മാണത്തിനായി ഒരുമിക്കേണ്ട ഒരു സാഹചര്യമാണ് നിലവിലുള്ളത്. 1993ല്‍ ഇരു നേതാക്കളും പങ്കുവെച്ച സാമൂഹ്യനീതി എന്ന ആശയം കൂടുതല്‍ ശക്തമായി മുന്നോട്ട് വെക്കേണ്ട സാഹചര്യമാണുള്ളത്,’ പ്രസാദ് മൗര്യ പറഞ്ഞു.
ദളിത് വോട്ടുകള്‍ നേടിയെടുക്കാനുള്ള സമാജ് വാദി പാര്‍ട്ടിയുടെ നീക്കമായി ഇതിനെ രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നുണ്ട്. അടുത്തിടെ പുന:സംഘടിപ്പിച്ച സമാജ് വാദി പാര്‍ട്ടിയുടെ 62 അംഗ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ 35 ശതമാനം പേര്‍ പാസി, കുര്‍മി, നിഷാദ് തുടങ്ങിയ യാദവ ഇതര ഒ.ബി.സി വിഭാഗങ്ങളില്‍ നിന്നായിരുന്നു.
ദേശീയ എക്‌സിക്യൂട്ടീവില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആറ് പേരെയും ഉള്‍പ്പെടുത്തിയിരുന്നു. അയോധ്യയില്‍ നിന്നുള്ള എം.എല്‍.എ അവധേഷ് പ്രസാദിനെ പാര്‍ട്ടിയുടെ ദളിത് മുഖമായി ഉയര്‍ത്തിക്കൊണ്ടു വരാനും അഖിലേഷ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അംബേദ്കര്‍ ജയന്തി വിപുലമായി ആഘോഷിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Akhilesh Yadav with a new move to mobilize Dalit votes in Uttar Pradesh