ലഖ്നൗ: ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ മാനനഷ്ടക്കേസ് നല്‍കണമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജേഷ് ചൗധരിക്കെതിരെ നടപടി എടുക്കണമെന്നാണ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്.
ലഖ്നൗ: ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ മാനനഷ്ടക്കേസ് നല്‍കണമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജേഷ് ചൗധരിക്കെതിരെ നടപടി എടുക്കണമെന്നാണ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്.
രാഷ്ട്രീയ നിലപാടുകളിലും അഭിപ്രായങ്ങളിലും ഭിന്നത ഉണ്ടാകാം. എന്നാല്‍ സ്ത്രീയെന്ന നിലയില്‍ ബി.എസ്.പി അധ്യക്ഷയുടെ അന്തസ്സിനെ കളങ്കപ്പെടുത്താന്‍ കഴിയില്ലെന്ന് അഖിലേഷ് പ്രതികരിച്ചു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാജേഷ് ചൗധരിക്കെതിരെ അഖിലേഷ് നടപടി ആവശ്യപ്പെട്ടത്. രാജേഷ് ചൗധരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘മായാവതി നാല് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട് എന്നതില്‍ സംശയമില്ല. ബി.ജെ.പിയാണ് മായാവതിയെ ആദ്യമായി മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ യു.പിയിലെ ഏറ്റവും അഴിമതിക്കാരിയായ മുഖ്യമന്ത്രിയാണ് മായാവതി,’ എന്നാണ് രാജേഷ് ചൗധരി പറഞ്ഞത്. ഇതിനെതിരെയാണ് അഖിലേഷ് വിമര്‍ശനം ഉയര്‍ത്തിയത്.
മായാവതിയെ മുഖ്യമന്ത്രിയാക്കിയത് വലിയ തെറ്റാണെന്നും അത് ജനാധിപത്യ രാജ്യത്തിനും പൊതുജന താത്പര്യത്തിനും എതിരാണെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് അഖിലേഷ് പ്രതികരിച്ചത്.
ഇത്തരം എം.എല്‍.എമാര്‍ക്ക് അഭയം നല്‍കുന്നതിലൂടെ ബി.ജെ.പി സ്ത്രീകളുടെ അന്തസിനെ മുറിവേല്‍പ്പിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ ബി.ജെ.പി അച്ചടക്കനടപടി സ്വീകരിക്കണമെന്നും അഖിലേഷ് പ്രതികരിക്കുകയുണ്ടായി.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി, ലോക്‌സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന ബി.എസ്.പി നേതാവ് കൂടിയായ മായാവതി ബഹന്‍ജി എന്നാണ് അറിയപ്പെടുന്നത്. 1989-ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ നിന്നാണ് മായാവതി ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 1994 മുതല്‍ 1996 വരെ രാജ്യസഭാംഗമായിരുന്ന മായാവതി 1995ല്‍ ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1997ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച മായാവതി 1998, 1999 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയുണ്ടായി. 2002 മുതല്‍ 2003 വരെയുള്ള കാലയളവില്‍ മായാവതി വീണ്ടും യു.പി മുഖ്യമന്ത്രിയാവുകയുണ്ടായി. 2004ല്‍ അക്ബര്‍പൂരില്‍ നിന്ന് വീണ്ടും ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2007ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി വിജയം കൈവരിച്ചതോടെ മായാവതി വീണ്ടും മുഖ്യമന്ത്രിയായി. അതേസമയം 2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി കനത്ത തോല്‍വി നേരിട്ടു. തുടര്‍ന്ന് 2017ലെ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ ബി.എസ്.പി യു.പിയില്‍ അപ്രസക്തമായി.
അതേസമയം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്കാണ് മത്സരിച്ചത്. പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തെ മായാവതി തള്ളി പറയുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും മികച്ച പ്രകടനത്തിലൂടെ യു.പിയില്‍ ഇന്ത്യാ സഖ്യത്തിന് വലിയ തോതില്‍ നേട്ടമുണ്ടാക്കനായി.
അയോധ്യ ഉള്‍പ്പെടുന്ന യു.പിയിലെ ഫൈസാബാദ് മണ്ഡലത്തിലടക്കം ബി.ജെ.പി തോല്‍വി നേരിട്ടു. ഒരുപക്ഷത്ത് ബി.എസ്.പി വലിയ തകര്‍ച്ച സംസ്ഥാനത്ത് നേരിടുകയും ചെയ്തു.
Content Highlight: Akhilesh Yadav wants to file defamation case against BJP MLA for remark against Mayawati