ലക്‌നൗ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സമാജ്‌വാദി പാര്‍ട്ടി. കര്‍ഷക സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കിസാന്‍ യാത്ര നടക്കും.
ഉത്തര്‍പ്രദേശിലെ കര്‍ഷകരെ കൂടി കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമാക്കാന്‍ ഉതകുന്ന വിധത്തിലാണ് സമാജ്‌വാദി പാര്‍ട്ടി കിസാന്‍ യാത്രയ്ക്ക് പദ്ധതികളിട്ടിരിക്കുന്നത്.
75 ഓളം ജില്ലകളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ റാലി നടക്കും.
താത്തിയ മണ്ഡിയില്‍ നിന്ന് ആരംഭിച്ച് തിര്‍വ കാര്‍ഷിക മാര്‍ക്കറ്റിലാണ് റാലി സമാപിക്കുക. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ സ്ഥാപിച്ച ഉരുളക്കിഴങ്ങ് മണ്ഡി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്നടിഞ്ഞുവെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.
ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ കര്‍ഷകര്‍ വലിയ പ്രയാസങ്ങളാണ് നേരിടുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ബി.ജെ.പി കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന എല്ലാ പദ്ധതികളും തകര്‍ക്കുകയാണെന്നും നിലവില്‍ കര്‍ഷകര്‍ക്ക് താങ്ങുവില പോലും ലഭിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. 2022 ഓട് കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം മാത്രമാണ് ബി.ജെ.പി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി-ഹരിയാന ബോര്‍ഡറില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഡിസംബര്‍ എട്ടിന് രാജ്യവ്യാപകമായി ബന്ധ് പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും.ട്രാന്‍സ്പോര്‍ട്ട് സംഘടനകളും ദല്‍ഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്.
ദല്‍ഹി അതിര്‍ത്തികളില്‍ പത്ത് ദിവസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.