| Monday, 2nd January 2023, 9:44 pm

ക്ഷണക്കത്തിന് നന്ദി പറഞ്ഞും യാത്രക്ക് വിജയം നേര്‍ന്നും ട്വീറ്റ്; ഉത്തര്‍പ്രദേശില്‍ രാഹുലിനൊപ്പം കൂടുമോ അഖിലേഷ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചതിന് രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അതേസമയം, സമാജ്‌വാദി പാര്‍ട്ടി യാത്രയില്‍ പങ്കെടുക്കുമോ എന്നതില്‍ അഖിലേഷ് യാദവ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

‘ഭാരത് ജോഡോ യാത്രയിലേക്കുള്ള ക്ഷണത്തിന് നന്ദി. യാത്രയുടെ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറമുള്ള വികാരമാണ് ഇന്ത്യ. സ്‌നേഹവും അഹിംസയും സഹകരണവും സാഹോദര്യവുമാണ് ഇന്ത്യയെ ഒന്നിപ്പിക്കുന്നത്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ഈ സംസ്‌കാരത്തെ സംരക്ഷിക്കുക എന്ന ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം നിറവേറട്ടെ,’ രാഹുല്‍ ഗാന്ധിക്ക് അയച്ച മറുപടിയില്‍ അഖിലേഷ് യാദവ് പറഞ്ഞു. ഈ കത്ത് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.

അതേസമയം, അഖിലേഷ് യാദവോ മറ്റ് പാര്‍ട്ടി നേതാക്കളോ യാത്രയില്‍ പങ്കെടുക്കില്ലെന്നാണ് എസ്.പി വക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി മൂന്നിനാണ് ഉത്തര്‍പ്രദേശിലെത്തുന്നത്. ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികളെയും പ്രസ്ഥാനങ്ങളെയും യാത്രയിലൊപ്പം അണിനിരത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എസ്.പിയെയും ബി.എസ്.പിയെയും കോണ്‍ഗ്രസ് യാത്രയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

യാത്രയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ പങ്കെടുക്കില്ലെന്നുമായിരുന്നു നേരത്തെ അഖിലേഷ് യാദവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്രം ഒന്നാണെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ ആശയം മറ്റൊന്നാണെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

ഭാരത് ജോഡോ യാത്ര എന്ന ആശയത്തെ സമാജ്‌വാദി പിന്തുണക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള നീക്കത്തിലാണ് എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് ഇടവരുത്താന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല. അതിനാല്‍ ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്നും പാര്‍ട്ടി വക്താവ് ഘനശ്യാമും നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എസ്.പിക്കും ബി.എസ്.പിക്കും ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്.

വിദ്വേഷത്തിനെതിരായ പോരാട്ടത്തിന് അഖിലേഷ് യാദവുമായും മായാവതിയുമായും ബന്ധമുണ്ടെന്ന് അഖിലേഷിന്റെ പ്രസ്താവനകളോട് പ്രതികരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്ര എല്ലാവര്‍ക്കുമായി തുറന്നിരിക്കുകയാണെന്നും യാത്രയില്‍ ആരൊക്കെ ചേരും എന്നതിനെക്കുറിച്ച് താന്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

”വിദ്വേഷവും സ്നേഹവും തീര്‍ത്തും വിപരീതമാണ്… എന്നാല്‍ പലരും സ്നേഹം പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അഖിലേഷ് ജിക്കും മായാവതി ജിക്കും വിദ്വേഷം വേണ്ടെന്ന് എനിക്കറിയാം. റിഷ്താ തോ ഹേ…ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കാരണം അങ്ങനെയായിരുന്നു കാര്യമെങ്കില്‍ നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം വേണ്ടിവരില്ലായിരുന്നു. അപ്പോള്‍ അദ്ദേഹം (മോദി) ബി.ജെ.പി മുക്ത ഭാരതം ആവശ്യപ്പെടുകയാണോ. എന്നാല്‍ അഖിലേഷ് ജിക്ക് തന്റെ കാഴ്ചപ്പാട് എന്താണെന്ന് പറയാനുള്ള ഓപ്ഷനുണ്ട്,” എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

എല്ലാ പ്രതിപക്ഷ നേതാക്കളും ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഞങ്ങളോടൊപ്പം ചേരുന്നതില്‍ നിന്ന് ഞങ്ങള്‍ ആരെയും തടയാന്‍ പോകുന്നില്ല. ഭാരത് ജോഡോ യാത്രയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. അഖിലേഷും മായാവതിയും മറ്റുള്ളവരും സ്‌നേഹത്തിന്റെ ഇന്ത്യ ആഗ്രഹിക്കുന്നു. തങ്ങള്‍ക്കിടയില്‍ പ്രത്യയശാസ്ത്രപരമായ ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍, അഖിലേഷ് യാദവോ സമാജ്‌വാദി പാര്‍ട്ടിയോ യാത്രയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. യാത്രയിലേക്ക് ക്ഷണിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി അഖിലേഷ് യാദവിന് കത്തയച്ചിട്ടുണ്ടെന്നും അതല്ലാതെ മറ്റ് വിവരങ്ങളൊന്നും തനിക്കറിയില്ലെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നസീമുദ്ദീന്‍ സിദ്ദിഖി പി.ടി.ഐയോട് പ്രതികരിച്ചത്.

Content Highlight: Akhilesh Yadav thanks Rahul Gandhi for inviting him to Bharat Jodo Yatra, but didn’t clarify whether he will participate

We use cookies to give you the best possible experience. Learn more