ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘വിജയയാത്ര’യില്‍ വെച്ചായിരുന്നു അഖിലേഷ് ഇരുവര്‍ക്കുമെതിരെ ആഞ്ഞടിച്ചത്. നിങ്ങള്‍ക്ക് യോഗി സര്‍ക്കാരാണോ അതോ യോഗ്യരായ സര്‍ക്കാരാണോ വേണ്ടത് എന്നായിരുന്നു അഖിലേഷ് ജനങ്ങളോട് ചോദിച്ചത്.
‘ആപ്‌കോ യോഗി സര്‍ക്കാര്‍ ചാഹിയേ യാ യോഗ്യ സര്‍ക്കാര്‍ (നിങ്ങള്‍ക്ക് യോഗിയുടെ സര്‍ക്കാരാണോ വേണ്ടത് അതോ എന്തിനും പ്രാപ്തിയുള്ള യോഗ്യരായ സര്‍ക്കാരാണോ വേണ്ടത്). ഈ ആളുകള്‍ കാലങ്ങളോളം യു.പിയെ പിന്നോട്ടടിക്കുകയാണ് ചെയ്തിരിക്കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ഇത്തരക്കാര്‍ മുന്നോട്ട് വെക്കുന്നത്.
കേവലം ഫോട്ടോഷോപ്പ് ചിത്രങ്ങളില്‍ മാത്രമാണ് അവരുടെ പുരോഗതി ഉള്ളത്. യു.പിയിലേതെന്ന് പറഞ്ഞ് യോഗിയും കൂട്ടരും കാണിച്ചിരിക്കുന്നത് കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവറിന്റെയും അമേരിക്കയിലെ വ്യവസായശാലകളുടെയും ചിത്രമാണ്. പരസ്യങ്ങളില്‍ പോലും അവര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. തെറ്റായ പ്രചരണം മാത്രം നടത്തുന്നവരെ നമ്മള്‍ ചവറ്റുകൊട്ടയിലേക്കെറിയണം,’ അഖിലേഷ് യാദവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അഖിലേഷ് ആഞ്ഞടിച്ചു. ‘ഞങ്ങള്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ ആളുകളുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കുന്നവരാണ്. ഞങ്ങള്‍ കുടുംബങ്ങളുള്ളവരാണ്. അക്കാരണം കൊണ്ട് തന്നെ പാവപ്പെട്ട കര്‍ഷകരുടെയും കൂലിവേലക്കാരുടേയും പ്രശ്‌നങ്ങളും ഞങ്ങള്‍ക്ക് മനസിലാവും.
കുടുംബമുള്ളവര്‍ക്ക് മാത്രമേ കുടുംബങ്ങളുടെ കണ്ണീരിന്റെ വില മനസിലാവൂ, കുടുംബമില്ലാത്തവര്‍ക്കെങ്ങനെയാണ് ഇവരുടെ വിഷമം മനസിലാവുക,’ അഖിലേഷ് യാദവ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പേ മോദി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് അഖിലേഷ് ഇക്കാര്യം പറഞ്ഞത്. സമാജ് വാദി പാര്‍ട്ടി സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉപേക്ഷിച്ച് പരിവാര്‍വാദി (കടുംബങ്ങളിലേക്ക് ചുരുങ്ങി) ആയി എന്നായിരുന്നു മോദിയുടെ വിമര്‍ശനം.
അഖിലേഷിന്റെ ക്യാംപെയ്‌നുകള്‍ക്കെതിരെ ബി.ജെ.പിയും ഉത്തര്‍പ്രദേശില്‍ വിവിധ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ബി.ജെ.പി ഉത്തര്‍പ്രദേശ് ഘടകത്തിന്റെ നേതാവായ സ്വതന്ത്രദേവ് സിംഗാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ബി.ജെ.പി നയിക്കുന്ന യാത്രകള്‍ക്ക് ഇനിയും പേരിട്ടിട്ടില്ല. ‘വിജയ് സങ്കല്‍പ് യാത്ര’ എന്ന പേരിലാവും പാര്‍ട്ടി തങ്ങളുടെ ക്യാംപെയ്ന്‍ നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.