| Wednesday, 20th December 2023, 2:53 pm

യു.പിയിൽ മെട്രോയിലും റെയിൽവേ സ്റ്റേഷനിലും മദ്യ വില്പനക്ക് അനുവാദം; സർക്കാരിനെതിരെ അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിൽ മെട്രോയിലും റെയിൽവേ സ്റ്റേഷനിലും മദ്യ വില്പനക്ക് അനുവാദം നൽകിയതിന് യോഗി സർക്കാരിനെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.

മദ്യപാനവും കുറ്റകൃത്യങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് അഖിലേഷ് ആരോപിച്ചു.

മദ്യപാനം നല്ലതാണെന്ന് ബി.ജെ.പി സർക്കാർ കരുതുന്നുണ്ടെങ്കിൽ ആദ്യം പാർട്ടി ഓഫീസിൽ വില്പന നടത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 19ന് നടന്ന ഉത്തർപ്രദേശ് മന്ത്രിസഭാ യോഗത്തിൽ എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും ആഡംബര കപ്പലുകളിലും മദ്യ വില്പന അനുവദിച്ചുകൊണ്ടുള്ള എക്സൈസ് പോളിസി പാസാക്കിയിരുന്നു.

‘ഉത്തർപ്രദേശ് ബി.ജെ.പി സർക്കാരിന് ഒരു ട്രില്യൺ യു.എസ് ഡോളർ സാമ്പത്തികം കൈവരിക്കാൻ റെയിൽവേ സ്റ്റേഷനിലും മെട്രോയിലും കപ്പലിലും മദ്യം വിൽക്കുന്ന മാർഗം മാത്രമാണോ ബാക്കിയുള്ളത്?’ എക്സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ അഖിലേഷ് ചോദിച്ചു.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം എന്ന സർക്കാർ അവകാശവാദങ്ങളെല്ലാം തെറ്റായിരുന്നു എന്നും അല്ലെങ്കിൽ അധാർമികമായ ഇത്തരം നീക്കങ്ങൾ സർക്കാർ നടത്തുമായിരുന്നില്ല എന്നും അഖിലേഷ് പറഞ്ഞു.

CONTENT HIGHLIGHT: Akhilesh Yadav slams UP govt for allowing alcohol sale at metro, railway station

We use cookies to give you the best possible experience. Learn more