ലഖ്‌നൗ: ദൈവത്തിന് മുന്‍പില്‍ എല്ലാവരും ഒന്നാണെന്ന പരാമര്‍ശത്തിന് പിന്നാലെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ദൈവത്തിന് മുന്‍പില്‍ എല്ലാവരും ഒന്നാണെന്ന ബോധ്യമുണ്ടെങ്കില്‍ ജാതി വ്യവസ്ഥയുടെ യഥാര്‍ത്ഥ അടിസ്ഥാനം എന്താണെന്നും രാമചരിതമാനസില്‍ നിന്ന് ജാതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
‘ദൈവത്തിന് മുന്‍പില്‍ എല്ലാവരും ഒരുപോലെയാകട്ടെ. എങ്കില്‍ ദയവായി മനുഷ്യരുടെ മുന്‍പിലുള്ള ജാതി വ്യവസ്ഥയുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് വ്യക്തമാക്കൂ,’ എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചോദ്യം.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ദൈവത്തിന്റെ മുന്‍പില്‍ എല്ലാവരും തുല്യരാണെന്നും ജാതി വിവേചനങ്ങള്‍ ഉണ്ടാക്കിയത് പുരോഹിതന്മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹിന്ദു ഇതിഹാസമായ രാമചരിതമാനസില്‍ നിന്ന് ദളിതരേയും സ്ത്രീകളേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവായ പ്രസാദ് മൗര്യ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗവതിന്റെ തുല്യതാ പരാമര്‍ശം.
‘ജാതിയുടെ പേരില്‍ സ്ത്രീകളേയും, കുട്ടികളേയും, ദളിതരേയും പീഡിപ്പിക്കുന്നത് ജാതി വ്യവസ്ഥ സൃഷ്ടിച്ച പണ്ഡിറ്റുകളാണെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇനിയെങ്കിലും രാമചരിതമാനസിലെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ മുന്നോട്ടു വരൂ,’ എന്നായിരുന്നു മൗര്യയുടെ ട്വീറ്റ്.
രാമചരിതമാനസിനെതിരായ പരാമര്‍ശത്തിന് പിന്നാലെ രണ്ട് എഫ്.ഐ.ആറുകള്‍ മൗര്യക്കെതിരെ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തതായി സിസായത് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.പി മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗമായിരുന്ന മൗര്യ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് പാര്‍ട്ടി വിട്ട് എസ്.പിയില്‍ ചേര്‍ന്നത്.
भगवान के सामने तो स्पष्ट कर रहे हैं कृपया इसमें ये भी स्पष्ट कर दिया जाए कि इंसान के सामने जाति-वर्ण को लेकर क्या वस्तुस्थिति है। pic.twitter.com/xvDDqmKW9i