| Sunday, 12th March 2023, 9:44 pm

കോണ്‍ഗ്രസ് വെട്ടിയ വഴിയിലൂടെ ബി.ജെ.പി നടക്കുന്നു; ഇ.ഡി റെയ്ഡില്‍ അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിക്കുമെതിരായ ഇ.ഡി റെയ്ഡില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

അധികാരം കിട്ടിയ കാലത്ത് കോണ്‍ഗ്രസ് ചെയ്ത് കൂട്ടിയ കാര്യങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ ചെയ്യുന്നതെന്നും അതില്‍ അത്ഭുതപ്പെടാനില്ലെന്നും അഖിലേഷ് പറഞ്ഞത്. കോണ്‍ഗ്രസ് ഭരിച്ച് മുടിഞ്ഞത് പോലെ ബി.ജെ.പിയും വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് ചെയ്ത് കൂട്ടിയതിനൊക്കെ അവരിപ്പോള്‍ അനുഭവിക്കുന്നുണ്ടെന്നും യു.പി.എ സര്‍ക്കാരാണ് ബി.ജെ.പിക്ക് വഴി വെട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പരമാവധി പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് ചേര്‍ത്ത് മുന്നോട്ട് പോകാനാണ് സമാജ് വാദി പാര്‍ട്ടിയുടെ നയമെന്നും അഖിലേഷ് പറഞ്ഞു.

‘സി.ബി.ഐ, ഇ.ഡി, ഇന്‍കം ടാക്‌സ് എല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളാണ്. ഭരിക്കുന്ന പാര്‍ട്ടി എന്താണോ ചെയ്യുന്നത് അവരും അതിനനുസരിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ് വെട്ടിയ വഴിയിലൂടെയാണ് ബി.ജെ.പി നടക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്തും രാജ്യത്തെ ഒരുപാട് നേതാക്കളുടെ മേല്‍ കള്ളക്കേസുകള്‍ ചുമത്തിയിട്ടുണ്ട്.

ഇ.ഡിയെയും ഇന്‍കം ടാക്‌സിനെയും അവരുടെ പിറകെ പറഞ്ഞു വിട്ട് അന്വേഷണവും നടത്തിയിട്ടുണ്ട്. ഇന്ന് ബി.ജെ.പിയും ഇതേ തന്ത്രം പയറ്റാന്‍ നോക്കുന്നു. ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. കോണ്‍ഗ്രസ് ഇന്ന് എങ്ങനെ നിലത്ത് വീണോ നാളെ ബി.ജെ.പിയും അതുപോലെ വീഴും,’ അഖിലേഷ് പറഞ്ഞു.

അതിനിടെ മുന്‍ റെയില്‍വെ മന്ത്രിയും ബിഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട അഴിമതിക്കേസില്‍ ഇതുവരെ മൂന്ന് പേര്‍ അറസ്റ്റിലായതായി സി.ബി.ഐ അറിയിച്ചു. കേസില്‍ ലാലുവിന്റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ്, സഹോദരി മിസ ഭാരതി എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. റെയില്‍വെയില്‍ ജോലി നല്‍കാനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഭൂമി എഴുതി വാങ്ങിയെന്നാണ് ലാലുവിനെതിരെയുള്ള ആരോപണം.

കൂടാതെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും ബി.ആര്‍.എസ് നേതാവുമായ കെ.കവിതക്കെതിരെയും അഴിമതി ആരോപണമുയര്‍ത്തി ഇ.ഡി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് പതിനൊന്നിന് ദല്‍ഹിയില്‍ വെച്ച് കവിതയെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്യുകയുമുണ്ടായി.

ഇതിനെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനെക്കൂടി കടന്നാക്രമിച്ച് കൊണ്ട് അഖിലേഷ് യാദവും രംഗത്തെത്തിയത്.

Content Highlight: Akhilesh Yadav slams on congress on ed raids

We use cookies to give you the best possible experience. Learn more