| Wednesday, 10th August 2022, 7:38 am

ബി.ജെ.പി ഇന്ത്യയുടെ സ്വത്തുക്കള്‍ വില്‍ക്കുന്ന തിരക്കിലാണ്, രാജ്യത്തെ തന്നെ അവര്‍ വ്യവസായികള്‍ക്ക് നല്‍കിക്കഴിഞ്ഞു: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ബി.ജെ.പി ശക്തിപ്പെട്ടാല്‍ ജനങ്ങളുടെ വോട്ടവകാശം വരെ ഇല്ലാതായേക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ജൗവയില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നിലവില്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് വീണ്ടും വീണ്ടും അധികാരങ്ങള്‍ നല്‍കിയാല്‍ അവര്‍ രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കുമെന്നായിരുന്നു യാദവിന്റെ പരാമര്‍ശം. നിലവില്‍ ബി.ജെ.പി രാജ്യത്തിന്റെ ഭരണഘടനയേയും ജനാധിപത്യത്തേയും തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി ഇന്ന് ഇന്ത്യയുടെ സ്വത്തുക്കള്‍ വില്‍ക്കുന്ന തിരക്കിലാണ്. രാജ്യത്തെ തന്നെ അവര്‍ വ്യവസായികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇവര്‍ തന്നെ ഇനിയും കുറച്ചുകാലം കൂടി തുടര്‍ന്നാല്‍ സ്വാഭാവികമായും രാജ്യത്തെ ജനങ്ങള്‍ അവരുടെ അടിമകളായി ജീവിക്കേണ്ടിവരും,’ അഖിലേഷ് യാദവ് പറഞ്ഞു.

ബി.ജെ.പി വിവേചനരാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടേയും വോട്ട് വാങ്ങാന്‍ തിരക്കുള്ള ബി.ജെ.പി പക്ഷേ അവരെ പരിഗണിക്കുന്നില്ലെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങിനിടെ ആര്‍.എസ്.എസിനേയും യാദവ് രൂക്ഷമായി വിമര്‍ശിച്ചു. ഒരുകാലത്ത് ത്രിവര്‍ണ പതാകയെ എതിര്‍ത്തവരാണ് ഇപ്പോള്‍ പതാക ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നതെന്ന് യാദവ് പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി മന്‍ കി ബാത്ത് പരിപാടിയ്ക്കിടെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി എല്ലാവരും സമൂഹമാധ്യമങ്ങളിലെ തങ്ങളുടെ പ്രൊഫൈല്‍ പിക്ചറുകള്‍ മാറ്റണമെന്നും പകരം ത്രിവര്‍ണ പതാകയുടെ ചിത്രം വെക്കണമെന്നുമാണ് മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.

ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള കാലയളവില്‍ പ്രൊഫൈല്‍ പിക്ചറുകള്‍ മാറ്റണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് 75 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പേര് മാറ്റി സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടുമെന്നും മോദി പറഞ്ഞിരുന്നു.

മോദിയുടെ ഇത്തരം ദേശസ്‌നേഹ പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാരിനേയും വിമര്‍ശിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഗ്നിപഥ് പദ്ധതിക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. അധികം വൈകാതെ ഈ താല്‍കാലിക സംവിധാനം പൊലീസിലും നടപ്പാക്കുമെന്നും അത് രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാക്കുമെന്ന് നേരത്തെ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ആഗസ്റ്റ് ഏഴ് മുതല്‍ ആരംഭിക്കുന്ന പ്രക്ഷോഭങ്ങള്‍ ഒരാഴ്ച നീളും. വിവിധ സംഘടനകള്‍ ചേര്‍ന്നായിരിക്കും പ്രതിഷേധം നടത്തുക.

പതിനേഴര മുതല്‍ 21വരെ പ്രായത്തിലുള്ളവരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് അഗ്‌നിപഥ്. പദ്ധതിയുടെ പ്രായത്തെ ചൊല്ലി വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ 23 വയസ് വരെ പ്രായപരിധി ഉയര്‍ത്തിയിരുന്നു. നാലു വര്‍ഷത്തേക്കായിരിക്കും ഇവരെ റിക്രൂട്ട് ചെയ്യുക.

റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ നിന്നും നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 25 ശതമാനം പേരെ സ്ഥിരം നിയമിക്കുകയും മറ്റുള്ളവരെ പിരിച്ചുവിടുകയും ചെയ്യും. അഗ്നിവീര്‍ അംഗങ്ങള്‍ക്ക് കേന്ദ്ര പൊലീസ് സേനയില്‍ 10 ശതമാനം സംവരണത്തോടൊപ്പം, അസം റൈഫീള്‍സിലും 10 ശതമാനം സംവരണം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.

Content Highlight: Akhilesh Yadav slams BJP, says it is busy selling the country to businessmen

We use cookies to give you the best possible experience. Learn more