ലഖ്‌നൗ: യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ഇന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചയ്ക്ക് തന്നെ വഴി തുറന്നിരിക്കുകയാണ്.
ഒരു പുതിയ ബാബയെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു അഖിലേഷ് ഫോട്ടോ ഷെയര്‍ ചെയ്തത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സാമ്യം തോന്നുന്ന രീതിയിലുള്ള ഒരാള്‍ക്കൊപ്പം ഹെലികോപ്റ്ററിനടുത്തേക്ക് അഖിലേഷ് നടന്നുനീങ്ങുന്നതായിരുന്നു ചിത്രം.
കാവിവസ്ത്രവും ഷാളും പൈജാമയും മൊട്ടത്തലയും ഷൂസും എല്ലാം ഒറ്റനോട്ടത്തില്‍ യോഗി ആദിത്യനാഥിന് സമാനമാണ്. യോഗിയുടെ അത്ര തന്നെ ഉയരവും വണ്ണവുമുള്ള വ്യക്തിയായിരുന്നു അഖിലേഷിനൊപ്പം നടന്നുനീങ്ങിയത്. എന്നാല്‍ മുഖം വ്യക്തമായിരുന്നില്ല.
” ഞങ്ങള്‍ വ്യാജ ദൈവങ്ങളെ കൂടെക്കൂട്ടാറില്ല. എന്നാല്‍ ഞങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ഒരു ബാബാ ജി ഉണ്ട്. അദ്ദേഹം ഗോരഖ്പൂരില്‍ നിന്നാണ് വരുന്നത്. സംസ്ഥാനത്തെ ഓരോ വ്യക്തികളോടും ഇപ്പോള്‍ നടക്കുന്ന ഭരണത്തെ കുറിച്ച് അദ്ദേഹം തുറന്നു സംസാരിക്കും. – അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു.
ഇതിന് പിന്നാലെ അഖിലേഷിനൊപ്പമുള്ള വ്യക്തിയാരെന്ന ചോദ്യവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. യോഗി ആദിത്യനാഥല്ല അഖിലേഷിനൊപ്പമുള്ളതെന്നും അഖിലേഷിനൊപ്പം യോഗി പ്രചരണത്തിന് പോകേണ്ടതില്ലല്ലോയെന്നുമാണ് ചിലര്‍ ചോദിക്കുന്നത്.
വ്യാജ ദൈവമല്ലെന്ന് അഖിലേഷ് പറഞ്ഞ സ്ഥിതിക്ക് അത് യോഗി ആവാന്‍ വഴിയില്ലെന്ന് പറഞ്ഞും ചിലര്‍ പരിഹസിക്കുന്നുണ്ട്.