ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ദേശീയ തലത്തിലേക്ക് വളരുമെന്ന് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. മുഖ്യമന്ത്രിയെന്ന നിലയില്‍ തമിഴ്‌നാടിന്റെ വളര്‍ച്ചക്ക് വലിയ പങ്കുവഹിച്ച വ്യക്തിയാണ് സ്റ്റാലിനെന്നും ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം സ്റ്റാലിന്റെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് ഡി.എം.കെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെയുടെ സാധാരണ അണിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യ ചെന്നൈ മേയര്‍ പദത്തിലേക്ക് ഉയര്‍ന്ന സ്റ്റാലിന്റെ വളര്‍ച്ചയേയും അഖിലേഷ് യാദവ് പരാമര്‍ശിച്ചു. സംസ്ഥാനത്ത് വിവിധ അര്‍ത്ഥവത്തായ സാമൂഹ്യക്ഷേമ പദ്ധതികള്‍ കൊണ്ടുവരാന്‍ എം.കെ. സ്റ്റാലിന് സാധിച്ചു. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും യാദവ് പറഞ്ഞു.
‘സാമൂഹ്യനീതിക്കായി ഒരു വേദി രൂപപ്പെടുത്തുന്നതില്‍ സ്റ്റാലിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നു. മറ്റു നേതാക്കളോടൊപ്പം ഭാവി തലമുറയെ നീതിയിലേക്ക് നയിക്കുക എന്നതാണ് എന്റെ ആഗ്രഹവും. സമത്വാധിഷ്ഠിത ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ മുഖ്യമന്ത്രി സ്റ്റാലിന് ആരോഗ്യവും ഊര്‍ജ്ജവുമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ദേശീയ തലത്തിലേക്ക് അദ്ദേഹം വളരുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന എം.കെ. സ്റ്റാലിന്റെ പിറന്നാളാഘോഷ ചടങ്ങില്‍ നിരവധി നേതാക്കളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങിലെത്തിയിരുന്നു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന പിറന്നാളാഘോഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിന്റെ സൂചനയാണെന്ന വിലയിരുത്തലുകളും നടക്കുന്നുണ്ട്.
പ്രധാനമന്ത്രി സ്ഥാനമല്ല മറിച്ച് ബി.ജെ.പിയെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. ആര് നയിക്കുമെന്നോ ആര് നയിക്കണമെന്നോ പറയുന്നില്ലെന്നും ആര് നയിച്ചാലും ഒറ്റക്കെട്ടായി ബി.ജെ.പിയെ ചെറുക്കുക എന്നതാണ് ലക്ഷ്യമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Content Highlight: Akhilesh Yadav says MK stalin will rise to national level