| Wednesday, 17th November 2021, 10:43 pm

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും, ഉത്തര്‍പ്രദേശില്‍ നിന്നും ബി.ജെ.പിയെ തുടച്ചുനീക്കും; യു.പി തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി അഖിലേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. താന്‍ സ്വയം മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉത്തര്‍പ്രദേശില്‍ മത്സരിക്കുമെന്നാണ് അഖിലേഷ് പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ നിന്നും ബി.ജെ.പിയെ തുടച്ചുനീക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയില്‍ വെച്ച് എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തനിക്കെതിരെയും സമാജ്‌വാദി പാര്‍ട്ടിക്കെതിരെയുംനിരന്തരം വിമര്‍ശനമുന്നയിക്കുന്ന അമിത് ഷായ്‌ക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.

‘ബി.ജെപി നിരന്തരം കള്ളം പ്രചരിപ്പിക്കുകയാണ്. ഇപ്പോള്‍ രാജ്യത്തെ ഇന്ധന വില എത്രയാണ്. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. ഇവിടെ കൂടിയിരിക്കുന്ന ഏതെങ്കിലും കര്‍ഷകനോട് അവരുടെ വയലില്‍ വിളവുണ്ടോ എന്ന് ചോദിക്കൂ. ഉള്ള വിളവുകള്‍ക്ക് വില ലഭിക്കുന്നുണ്ടോ എന്ന് ചോദിക്കൂ,’ അഖിലേഷ് പറയുന്നു.

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബി.ജെ.പിയെ ഇവിടെ നിന്നും തുടച്ചെറിയുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെയും ബി.എസ്.പിയുടെയും ഒന്നും സഹായമില്ലാതെ ബി.ജെ.പി പോലുള്ള വലിയ ഒരു പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഒരുപാട് ചെറുപാര്‍ട്ടികളെ അണിനിരത്തിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസുമായി യാതൊരു തരത്തിലുള്ള സഖ്യത്തിനും ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഏതൊക്കെ പാര്‍ട്ടിയുമായാണ് മുന്നണിയുണ്ടാക്കുന്നത് എന്ന കാര്യം വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുപാര്‍ട്ടികള്‍ക്കൊപ്പം രാഷ്ട്രീയ ലോക്ദളുമായി സഖ്യമുണ്ടാക്കിയെന്നും സീറ്റ് ധാരണ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അഖിലേഷ് നേരത്തെ പറഞ്ഞിരുന്നു.

അമ്മാവനായ ശിവ്പാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടി ലോഹ്യയെ (പി.എസ്.പി.എല്‍) തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്താനുള്ള സാധ്യതയെക്കുറിച്ചും ദ്ദേഹം വ്യക്തമാക്കി.

‘എനിക്കതില്‍ ഒരു പ്രശ്നവുമില്ല. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആളുകള്‍ക്കും അര്‍ഹമായ ബഹുമാനം നല്‍കും”അഖിലേഷ് യാദവ് പറഞ്ഞു.

ഇത്തവണ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്നായിരുന്നു അഖിലേഷ് മുന്‍പ് പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Akhilesh Yadav says he will contest in upcoming UP election if party demands

We use cookies to give you the best possible experience. Learn more