| Thursday, 20th January 2022, 7:17 pm

'കുടുംബവും പാര്‍ട്ടിയും രക്ഷപ്പെട്ടു': അപര്‍ണ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ സന്തോഷമെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തന്റെ സഹോദരപത്‌നി സമാജ്‌വാദി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ സന്തോഷം പ്രകടിപ്പിച്ച് അഖിലേഷ് യാദവ്. എതിര്‍പക്ഷം ആരോപിക്കുന്ന രീതിയില്‍ തന്റെ പാര്‍ട്ടിയില്‍ ‘പരിവാര്‍വാദ്’ ഇല്ലാതാവുകയാണെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.

കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ രണ്ട് പേരാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എയും അഖിലേഷിന്റെ കുടുംബാംഗവുമായ പ്രമോദ് ഗുപ്തയും അഖിലേഷിന്റെ ഇളയ സഹോദരന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവും പാര്‍ട്ടി വിട്ട് എതില്‍ പാളയത്തിലെത്തിയത്.

വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലായിരുന്നു അഖിലേഷിന്റെ പ്രതികരണം.

‘ബി.ജെ.പി തീര്‍ച്ചയായും സന്തോഷിക്കണം. അവര്‍ എപ്പോഴും പറയുന്നത് സമാജ്‌വാദി പാര്‍ട്ടിയില്‍ പരിവാര്‍വാദ് (കുടുംബാംഗങ്ങളെ മാത്രം പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വരുന്നു എന്ന അര്‍ത്ഥത്തില്‍) ആണെന്നാണ്.

അവരെപ്പോഴും ഇക്കാര്യം പറഞ്ഞ് എസ്.പിയെ കുറ്റപ്പെടുത്തിയിരുന്നു. ഏറ്റവും കുറഞ്ഞത് അവര്‍ എന്റെ കുടുംബത്തിലെ പരിവാര്‍വാദ് എങ്കിലും അവസാനിപ്പിക്കുന്നു. അക്കാര്യത്തില്‍ ഞാന്‍ അവരോട് നന്ദിയുള്ളവനാണ്,’ അഖിലേഷ് പറയുന്നു.

ഇവരുടെ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് ഒരു തരത്തിലുംഎസ്.പിയെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു പ്രമോദ് ഗുപ്ത പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. സമാജ്‌വാദി പാര്‍ട്ടി ഗുണ്ടകള്‍ കയ്യേറി എന്നായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം പ്രമോദ് ഗുപ്ത പറഞ്ഞത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കാത്തതിന്റെ പേരിലാണ് അപര്‍ണ യാദവ് പാര്‍ട്ടി വിട്ടത് എന്നതിനെ സംബന്ധിച്ചുള്ള സൂചനകള്‍ അഖിലേഷ് നേരത്തെ തന്നെ നല്‍കിയിരുന്നു.

Aparna Yadav joins the BJP

എസ്.പി വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ പിതാവ് മുലായം സിംഗ് യാദവ്, അപര്‍ണ യാദവുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നെന്നും അഖിലേഷ് തുറന്നുപറഞ്ഞു.

അപര്‍ണ പാര്‍ട്ടി വിട്ടത് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനാലെന്നും അഖിലേഷ് സൂചന നല്‍കുന്നുണ്ട്. ”അവരെ സമാധാനിപ്പിക്കാന്‍ നേതാജി (മുലായം സിംഗ് യാദവ്) പരമാവധി ശ്രമിച്ചിരുന്നു.

ഞങ്ങളുടെ ആഭ്യന്തര സര്‍വേകളെയും മറ്റ് പല കാര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് ആളുകള്‍ക്ക് സ്ഥാനാര്‍ത്ഥിത്തം നല്‍കുന്നതെന്നായിരുന്നു അഖിലേഷ് പറഞ്ഞത്.

അപര്‍ണ ബി.ജെ.പിയിലെത്തുമ്പോളും തങ്ങളുടെ പ്രത്യയശാസ്ത്രം തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു.

അപര്‍ണയെ പാര്‍ട്ടിയില്‍ എടുത്തതില്‍ ബി.ജെ.പിയോട് നന്ദിയുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

”ഞങ്ങള്‍ക്ക് പോലും ടിക്കറ്റ് നല്‍കാന്‍ സാധിക്കാത്ത ആളുകള്‍ക്ക് ബി.ജെ.പി ടിക്കറ്റ് നല്‍കുന്നു എന്നതില്‍ അവരോട് നന്ദി പറയേണ്ടതുണ്ട്.

ഞാന്‍ അവരെ (അപര്‍ണ യാദവ്) അഭിനന്ദിക്കുകയാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം ഇങ്ങനെ പ്രചരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഞങ്ങളുടെ പ്രത്യശാസ്ത്രം അവിടെ ബി.ജെ.പി) എത്തിച്ചേരുമെന്നും അങ്ങനെ അവിടെ ജനാധിപത്യമുണ്ടാകുമെന്നും എനിക്ക് ഉറപ്പാണ്,” പരിഹാസസ്വരത്തില്‍ അഖിലേഷ് പ്രതികരിച്ചു.

ബുധനാഴ്ചയായിരുന്നു അപര്‍ണ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അപര്‍ണ പാര്‍ട്ടി അംഗത്വമെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എന്നും സ്വാധീനിച്ചിട്ടുണ്ട് എന്നായിരുന്നു പാര്‍ട്ടി അംഗത്വമെടുത്ത ശേഷം അപര്‍ണയുടെ പ്രതികരണം.

”പ്രധാനമന്ത്രി എന്നെ എന്നും സ്വാധീനിച്ചിരുന്നു. രാജ്യത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. രാജ്യത്തിന് സേവനം ചെയ്യാനാണ് ഞാന്‍ മുന്നോട്ട് വന്നിരിക്കുന്നത്,” ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അപര്‍ണ യാദവ് പ്രതികരിച്ചു.

തനിക്ക് പാര്‍ട്ടിയില്‍ അവസരം തന്നതിന് ബി.ജെ.പിയോട് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഖ്‌നൗ കന്റോണ്‍മെന്റില്‍ നിന്നും എസ്.പി സ്ഥാനാര്‍ത്ഥിയായി അപര്‍ണ മത്സരിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ റിത ബഹുഗുണ ജോഷിയോട് പരാജയപ്പെടുകയായിരുന്നു.

ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Akhilesh Yadav says he is happy that Aparna Yadav Joins BJP

We use cookies to give you the best possible experience. Learn more